ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ പതിറ്റാണ്ടുകൾ നീണ്ട ഡിഎംകെ – അണ്ണാഡിഎംകെ ദ്വിമുഖ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് വിജയ്യുടെ ടിവികെ വൻ കുതിപ്പ് നടത്തുന്നു (Vijay TVK). 234 മണ്ഡലങ്ങളിൽ 105 ഇടങ്ങളിലാണ് ടിവികെ നിലവിൽ ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ ഡിഎംകെയും പ്രധാന പ്രതിപക്ഷമായ അണ്ണാഡിഎംകെയും വിജയ് തരംഗത്തിൽ പിന്നിലായി.
എംജിആറിനും ജയലളിതയ്ക്കും ശേഷം സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി തമിഴ് മനം കവരുന്ന നേതാവായി വിജയ് മാറി. യുവാക്കൾക്കും സ്ത്രീകൾക്കും മത്സ്യത്തൊഴിലാളികൾക്കും നൽകിയ വാഗ്ദാനങ്ങൾ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയെന്നാണ് ഈ മുന്നേറ്റം വ്യക്തമാക്കുന്നത്. പ്രചാരണത്തിനിടെയുണ്ടായ വിവാദങ്ങളോ വെല്ലുവിളികളോ വിജയ്യുടെ ജനപ്രീതിയെ ബാധിച്ചില്ലെന്ന് ഫലങ്ങൾ തെളിയിക്കുന്നു.
കേവല ഭൂരിപക്ഷത്തിലേക്ക് കണ്ണുവെച്ച് വിജയ്
തമിഴ്നാട്ടിൽ ഭരണം പിടിക്കാൻ 118 സീറ്റുകളാണ് വേണ്ടത്. നിലവിൽ 105 സീറ്റുകളിൽ ലീഡ് ചെയ്യുന്ന വിജയ്ക്ക് ഭൂരിപക്ഷം തികയ്ക്കാൻ 13 സീറ്റുകൾ കൂടി മതിയാകും. അണ്ണാഡിഎംകെ 64 സീറ്റുകളിലും ഡിഎംകെ 44 സീറ്റുകളിലുമാണ് മുന്നിലുള്ളത്. കോൺഗ്രസും ബിജെപിയും മൂന്ന് സീറ്റുകളിൽ വീതം ലീഡ് ചെയ്യുന്നു.
കൂട്ടുപിടിക്കുന്നത് ആരെ?
ഡിഎംകെയെ രാഷ്ട്രീയ എതിരാളിയായും ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായും പ്രഖ്യാപിച്ച വിജയ്, ഭരണം ഉറപ്പിക്കാൻ ആരുടെ പിന്തുണ തേടുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. അട്ടിമറി സാധ്യതകൾ ഒഴിവാക്കാൻ വിജയിക്കുന്ന സ്ഥാനാർത്ഥികളെ മഹാബലിപുരത്തെ പൂഞ്ചേരിയിലുള്ള റിസോർട്ടിലേക്ക് മാറ്റാൻ വിജയ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Story Summary: Actor Vijay’s Tamilaga Vettri Kazhagam (TVK) has created a political earthquake in Tamil Nadu by leading in 105 seats, challenging the long-standing dominance of DMK and AIADMK. As the party nears the majority mark of 118, Vijay is set to emerge as a powerful third force in Tamil politics.

