ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ദ്രാവിഡ രാഷ്ട്രീയത്തിലെ എല്ലാ പ്രവചനങ്ങളെയും അട്ടിമറിച്ചുകൊണ്ട് നടൻ വിജയുടെ തമിഴക വെട്രി കഴകം തനിച്ച് ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു (Tamil Nadu Election Results). ആകെയുള്ള 234 മണ്ഡലങ്ങളിൽ പകുതിയോളം സീറ്റുകളിലും ടിവികെ ലീഡ് ചെയ്യുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
- തമിഴക വെട്രി കഴകം: 107 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് വേണ്ട 118 സീറ്റുകളിലേക്ക് വിജയിന്റെ പാർട്ടി അതിവേഗം അടുക്കുകയാണ്.
- എഐഎഡിഎംകെ: 69 സീറ്റുകളിൽ ലീഡ് ചെയ്ത് രണ്ടാം സ്ഥാനത്തുണ്ട്.
- ഡിഎംകെ: ഭരണകക്ഷിയായ ഡിഎംകെ 58 സീറ്റുകളിലേക്ക് ചുരുങ്ങി മൂന്നാം സ്ഥാനത്താണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ അഞ്ചാം റൗണ്ട് പിന്നിടുമ്പോഴും പിന്നിലാണ്.
നാം തമിഴർ കക്ഷി ഉൾപ്പെടെയുള്ള മറ്റ് കക്ഷികൾക്ക് ഇതുവരെ ലീഡ് നിലയിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടില്ല. തമിഴ് രാഷ്ട്രീയത്തിലെ പരമ്പരാഗത വോട്ട് ബാങ്കുകളിൽ വിള്ളലുണ്ടാക്കാൻ വിജയുടെ സാന്നിധ്യത്തിന് സാധിച്ചു എന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. യുവാക്കളുടെയും ഭരണമാറ്റം ആഗ്രഹിക്കുന്നവരുടെയും വലിയ പിന്തുണ ടിവികെയ്ക്ക് ലഭിച്ചതായി കരുതുന്നു. പ്രത്യേകിച്ച് തിരുനെൽവേലി, ചെന്നൈ തുടങ്ങിയ മേഖലകളിൽ ടിവികെ വൻ മുന്നേറ്റമാണ് നടത്തുന്നത്. തമിഴ്‌നാട്ടിൽ വിജയ് തനിച്ച് ഭൂരിപക്ഷം നേടുമോ അതോ ഒരു സഖ്യകക്ഷി സർക്കാർ രൂപീകരിക്കേണ്ടി വരുമോ എന്ന് വരും മണിക്കൂറുകളിൽ വ്യക്തമാകും. എങ്കിലും തമിഴ് മണ്ണിൽ പുതിയൊരു രാഷ്ട്രീയ യുഗത്തിന്റെ തുടക്കമാണ് ഇന്ന് ദൃശ്യമാകുന്നത്.
Summary: Actor Vijay’s TVK is heading toward a historic victory in the 2026 Tamil Nadu Assembly elections, leading in 107 seats as of noon. With the majority mark at 118, TVK is closely challenging the dominance of traditional parties, pushing AIADMK to the second spot (69 seats) and the ruling DMK to the third (58 seats). Meanwhile, in Kerala, the UDF has crossed the majority mark, triggering celebrations in the state capital.

