ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി യുഡിഎഫിനും കോൺഗ്രസിനുമെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് എം.എം മണി രംഗത്ത് (MM Mani). ഇടുക്കിയിൽ നിലവിലുള്ള സീറ്റുകൾ എൽഡിഎഫ് നിലനിർത്തുമെന്നും തൊടുപുഴയിൽ ഇത്തവണ അട്ടിമറി മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് മണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പി.ജെ ജോസഫ് മത്സരരംഗത്ത് നിന്ന് മാറിയത് എൽഡിഎഫിന് ഗുണകരമാകും. ഇത്തവണ തൊടുപുഴ പിടിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. ബിജെപിയെ അധികാരത്തിലേറ്റിയത് കോൺഗ്രസിന്റെ നയങ്ങളാണ്. മഹാത്മാ ഗാന്ധിയെ കൊന്ന സംഘത്തെ ഇന്ത്യ ഭരിക്കാൻ പ്രാപ്തരാക്കിയ ‘പരമ ദ്രോഹികൾ’ ആണ് കോൺഗ്രസ് എന്ന് മണി ആഞ്ഞടിച്ചു.
ഉടുമ്പൻചോലയിൽ ഇത്തവണയും എൽഡിഎഫ് ഉറപ്പായും ജയിക്കും. എക്സിറ്റ് പോൾ ഫലങ്ങളിൽ വലിയ കാര്യമില്ല.വോട്ടെണ്ണലിന് മുമ്പ് മുഖ്യമന്ത്രി പദത്തെച്ചൊല്ലി ചർച്ച തുടങ്ങുന്ന യുഡിഎഫ് നേതാക്കളുടെ നടപടി വിഡ്ഢിത്തമാണ്. അവർ അധികാരത്തിൽ വന്നാൽ തമ്മിലടിയല്ലാതെ മറ്റൊന്നും നടക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ഇന്ത്യയുടെ അധികാരം എൽഡിഎഫ് ഇതുവരെ കൈയ്യാളിയിട്ടില്ലെന്നും എന്നും താങ്ങിനിർത്തിയിട്ടേയുള്ളൂ എന്നും പറഞ്ഞ മണി, കേരളത്തിലെ ജനങ്ങൾ വിവേകപൂർവ്വം ഇടതുപക്ഷത്തിന് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
Story Summary: Senior CPM leader MM Mani expressed absolute confidence in the LDF retaining power in Kerala. He criticized Congress for enabling the BJP’s rise in India and predicted a historic win for the LDF in Idukki, including a potential upset in Thodupuzha.

