കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയം ലഭിക്കുമെന്ന പ്രവചനങ്ങൾക്കിടെ, ലീഗിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ആലോചനകൾ പാർട്ടി നേതൃത്വത്തിൽ തുടങ്ങി. ഇത്തവണ 23 സീറ്റുകൾ വരെ വിജയിക്കാമെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് മന്ത്രിസ്ഥാനങ്ങൾ ഉറപ്പിക്കുന്ന പാർട്ടി ആറാമതൊന്നിനായി സമ്മർദ്ദം ചെലുത്തേണ്ടതില്ലെന്ന നിലപാടിലാണ്.(UDF in the race for victory, Muslim League to get Deputy Chief Minister’s post? )
ലീഗിലെ മുതിർന്ന നേതാക്കളും യുവനേതാക്കളും അടങ്ങുന്ന വലിയൊരു നിര തന്നെ സജീവ പരിഗണനയിലുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ, പാറക്കൽ അബ്ദുള്ള, എൻ. ഷംസുദ്ദീൻ, എ.കെ.എം. അഷ്റഫ്, കെ.എം. ഷാജി, പി.കെ. ബഷീർ, ടി.വി. ഇബ്രാഹിം, കുറുക്കോളി മൊയ്തീൻ, മഞ്ഞളാംകുഴി അലി എന്നിവരാണ് പട്ടികയിലുള്ളത്.
യുഡിഎഫ് ഭരണത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യം ലീഗ് പരസ്യമായി ഉന്നയിക്കില്ലെങ്കിലും മുന്നണിക്കുള്ളിൽ അത്തരമൊരു ധാരണയുണ്ടായാൽ പി.കെ. കുഞ്ഞാലിക്കുട്ടി ആ സ്ഥാനത്തേക്ക് എത്തിയേക്കും.
മന്ത്രിസഭയിൽ ഒരു വനിതാ മന്ത്രി വേണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. മെയ് നാലിന് വോട്ടെണ്ണൽ നടക്കാനിരിക്കെ, പാർട്ടിയുടെ പ്രകടനം വിലയിരുത്തിയ ശേഷം അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

