നാഗപട്ടണം: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ആത്മീയ യാത്രയിലുള്ള നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് ശനിയാഴ്ച പള്ളിയും ദർഗയും സന്ദർശിക്കുമെന്ന വാർത്തയെത്തുടർന്ന് വേളാങ്കണ്ണി പള്ളിയിൽ ആയിരക്കണക്കിന് ആരാധകർ തടിച്ചുകൂടി. പള്ളിക്ക് അകത്തും പുറത്തും ആരാധകർ ഉച്ചത്തിൽ പാർട്ടി മുദ്രാവാക്യങ്ങൾ വിളിച്ചത് മറ്റ് വിശ്വാസികൾക്കും പള്ളി അധികൃതർക്കും ബുദ്ധിമുട്ടുണ്ടാക്കി.(Thousands of fans gather at Velankanni church in hope of meeting Vijay)
തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ വേളാങ്കണ്ണി പള്ളിയിൽ വിജയ് എത്തുമെന്ന അഭ്യൂഹം പരന്നതോടെയാണ് ആരാധകർ ഇരച്ചെത്തിയത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ആയിരക്കണക്കിന് യുവാക്കൾ ‘ടിവികെ’ എന്ന് ആക്രോശിക്കുന്നത് കാണാം. പള്ളിക്ക് ഉള്ളിൽ കുർബാന നടക്കാനിരിക്കെ ആരാധകർ ബഹളം വെച്ചതോടെ, സമാധാനം പാലിക്കണമെന്നും ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്നും പള്ളി അധികൃതർക്ക് മൈക്കിലൂടെ ആവശ്യപ്പെടേണ്ടി വന്നു. ആരാധകരുടെ ഇത്തരം പെരുമാറ്റത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.
മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വിജയ് ആരാധകർ വലിയ ആവേശത്തിലാണ്. നാഗപട്ടണത്തെ നാഗൂർ ദർഗയിലും വിജയ് എത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ടിവികെയുടെ ചുവപ്പും മഞ്ഞയും കലർന്ന കൊടികൾ വീശി ആരാധകർ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു. നേരത്തെ മധുര ചിത്തിരൈ ഉത്സവത്തിനിടയിലും ആരാധകർ ഇത്തരത്തിൽ ബഹളം വെച്ചത് വിവാദമായിരുന്നു.

