വാഷിംഗ്ടൺ ഡി.സി: ക്യൂബൻ സർക്കാരിനും അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരെയുള്ള ഉപരോധങ്ങൾ കർശനമാക്കിയതിന് പിന്നാലെ, ക്യൂബയെ ഏതു നിമിഷവും അമേരിക്കയുടെ നിയന്ത്രണത്തിലാക്കാമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു പൊതുചടങ്ങിൽ സംസാരിക്കവെയാണ് ക്യൂബയെ “ഏതാണ്ട് ഉടനടി തന്നെ” അമേരിക്ക കീഴടക്കുമെന്നും അവിടം വലിയ പ്രശ്നങ്ങളിലാണെന്നും ട്രംപ് പ്രസ്താവിച്ചത്.(Donald Trump says US could take over Cuba almost immediately)
ഇറാനുമായുള്ള യുഎസ് സൈനിക നീക്കങ്ങൾക്ക് ശേഷം മടങ്ങിവരുന്ന വഴിയിൽ ക്യൂബൻ തീരത്ത് വൻതോതിലുള്ള സൈനിക വിന്യാസം നടത്തുമെന്നും ട്രംപ് സൂചന നൽകി. “തിരിച്ചു വരുമ്പോൾ നമ്മുടെ വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്ന് തീരത്തിന് 100 യാർഡ് അകലെ നിർത്തിയിടും. അവർ പറയും, ‘വളരെ നന്ദി, ഞങ്ങൾ കീഴടങ്ങുന്നു’,” ട്രംപ് പറഞ്ഞു. ക്യൂബൻ സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകളെ ലക്ഷ്യം വെച്ചുള്ള പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു.
ഊർജ്ജം, ഖനനം, സാമ്പത്തിക സേവനങ്ങൾ, പ്രതിരോധം എന്നിവയാണ് ലക്ഷ്യമിടുന്ന മേഖലകൾ. കരിമ്പട്ടികയിൽ പെടുത്തിയ ക്യൂബൻ സ്ഥാപനങ്ങളുമായി ബിസിനസ്സ് നടത്തുന്ന വിദേശ വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ നടപടിയെടുക്കാൻ പുതിയ ഉത്തരവ് അധികാരം നൽകുന്നു. ഇത് ക്യൂബയുമായി വ്യാപാരം നടത്തുന്ന അമേരിക്കക്കാരല്ലാത്ത കമ്പനികളെയും സാരമായി ബാധിക്കും.
ദേശീയ സുരക്ഷാ പ്രശ്നങ്ങളും ക്യൂബയ്ക്ക് ഇറാൻ, ഹിസ്ബുള്ള ഗ്രൂപ്പുകളുമായുള്ള ബന്ധവും ചൂണ്ടിക്കാട്ടിയാണ് ഹവാനയ്ക്കെതിരെയുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. സമീപമാസങ്ങളിൽ ക്യൂബയിലേക്കുള്ള ഇന്ധന വിതരണം യുഎസ് തടഞ്ഞത് ദ്വീപ് രാഷ്ട്രത്തിൽ വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിരുന്നു. അമേരിക്കയുടെ നീക്കങ്ങളെ ക്യൂബ ശക്തമായി തള്ളിക്കളഞ്ഞു. യുഎസ് ഉപരോധങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പാറില്ല പറഞ്ഞു.

