വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് അടഞ്ഞുകിടക്കുന്ന ഹോർമൂസ് കടലിടുക്ക് തുറക്കാനും കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനും അന്താരാഷ്ട്ര സഹായം തേടി അമേരിക്ക. കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ അന്താരാഷ്ട്ര സഖ്യം രൂപവത്കരിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. ഹോർമൂസ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ ആഗോള എണ്ണവില റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നീക്കം.(US seeks international coalition to open Hormuz, Oil prices at record high)
അമേരിക്കയുടെ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന ഈ സഖ്യം ‘മാരിടൈം ഫ്രീഡം കൺസ്ട്രക്ട്’ എന്ന പേരിലാകും അറിയപ്പെടുക. വിവര കൈമാറ്റം, നയതന്ത്ര ഏകോപനം, ഇറാനെതിരെയുള്ള ഉപരോധങ്ങൾ കർശനമായി നടപ്പാക്കാൻ സഹായിക്കുക എന്നിവയാണ് പ്രധാന ദൗത്യങ്ങൾ. ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ സഖ്യത്തെക്കുറിച്ച് ചർച്ചകൾ നടത്തിയെങ്കിലും, നിലവിലെ യുദ്ധം അവസാനിക്കാതെ ഹോർമൂസ് തുറക്കാൻ സഹായിക്കില്ലെന്ന നിലപാടിലാണ് അവർ.
ഇറാനെതിരെ പുതിയ സൈനിക നടപടികൾക്ക് അമേരിക്ക ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. വ്യാഴാഴ്ച ബ്രെൻഡ് അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 125 ഡോളർ വരെ എത്തി. 2022 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. സമാധാന ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ ഇറാനെ സമ്മർദ്ദത്തിലാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കുകയും കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്താൽ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ മാറ്റിവെക്കാമെന്ന് ഇറാൻ നിർദ്ദേശിച്ചു. മധ്യസ്ഥരായ പാകിസ്താൻ വഴിയാണ് ഈ നിർദ്ദേശം കൈമാറിയത്.

