തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ കടുത്ത പോരാട്ടം നടക്കുമെന്ന് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ പ്രവചനം (Todays Chanakya Exit Poll 2026). ഒരു മുന്നണിക്കും വ്യക്തമായ തരംഗം ഉണ്ടാക്കാൻ സാധിക്കില്ലെന്നും ഒരു പക്ഷത്തിനും 80-ൽ കൂടുതൽ സീറ്റുകൾ ഉറപ്പിക്കാൻ കഴിയില്ലെന്നും സർവേ ഫലം വ്യക്തമാക്കുന്നു. മറ്റ് പല എക്‌സിറ്റ് പോളുകൾക്കും സമാനമായി യുഡിഎഫിന് നേരിയ മുൻതൂക്കമാണ് ടുഡേയ്‌സ് ചാണക്യ നൽകുന്നത്.
കേരളത്തിലെ സീറ്റ് നില (പ്രവചനം)
യുഡിഎഫ്: 60 – 78 സീറ്റുകൾ
എൽഡിഎഫ്: 55 – 73 സീറ്റുകൾ
എൻഡിഎ: 3 – 11 സീറ്റുകൾ
അതേസമയം ,സംസ്ഥാനത്ത് ഇത്തവണ തുട ഭരണമുണ്ടാകില്ലെന്ന സൂചനയാണ് ഈ ഫലവും നൽകുന്നത്. എൻഡിഎ സഖ്യം രണ്ടക്കമുള്ള സീറ്റുകളിലേക്ക് എത്തിയേക്കാമെന്ന സാധ്യതയും സർവേ മുന്നോട്ടുവെക്കുന്നു.
തമിഴ്‌നാട്ടിൽ ഡിഎംകെ; വിജയ്‌യുടെ ടിവികെയ്ക്ക് മികച്ച മുന്നേറ്റം
തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ ഭരണം നിലനിർത്തുമെന്നാണ് സർവേ പറയുന്നത്. ഡിഎംകെ സഖ്യം 114 മുതൽ 136 സീറ്റുകൾ വരെ നേടിയേക്കാം. എന്നാൽ, രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ച നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) 52 മുതൽ 74 സീറ്റുകൾ വരെ നേടി നിർണ്ണായക ശക്തിയാകുമെന്നും പ്രവചനമുണ്ട്.
അസമിൽ ബിജെപി തരംഗം
അസമിൽ ബിജെപിയുടെ തുടർഭരണമാണ് ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നത്. ബിജെപി സഖ്യം 93 മുതൽ 111 സീറ്റുകൾ വരെ നേടി കരുത്തുതെളിയിക്കുമ്പോൾ കോൺഗ്രസ് 14 മുതൽ 32 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും സർവേ വ്യക്തമാക്കുന്നു. അതേസമയം, പശ്ചിമ ബംഗാളിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ ഏജൻസി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Story Summary: Todays Chanakya exit poll predicts a neck-and-neck race in Kerala with a slight edge for UDF (60-78 seats), while LDF is expected to secure 55-73 seats. In Tamil Nadu, DMK is projected to retain power, but Vijay’s TVK might make a strong impact. Assam is predicted to see a BJP sweep once again.

