സുൽത്താൻപൂർ: വിവാഹഘോഷയാത്രയ്ക്കിടെ ഡി.ജെ സിസ്റ്റത്തിൽ നിന്നുള്ള അമിത ശബ്ദം താങ്ങാനാവാതെ ഉത്തർപ്രദേശിൽ 140 കോഴികൾ ചത്തു. സുൽത്താൻപൂർ ജില്ലയിലെ സബീർ അലി പോൾട്രി ഫാമിലാണ് സംഭവം (140 Chickens Dead UP). ഏപ്രിൽ 25-ന് രാത്രി ഗ്രാമത്തിലൂടെ കടന്നുപോയ വിവാഹഘോഷയാത്രയിലെ ഡി.ജെ സംഗീതമാണ് കോഴികളുടെ മരണത്തിന് കാരണമായതെന്ന് കാണിച്ച് ഫാം ഉടമ പോലീസിൽ പരാതി നൽകി.
രാത്രി 9:30-ഓടെയാണ് ഉച്ചത്തിലുള്ള സംഗീതവുമായി ഘോഷയാത്ര ഫാമിന് മുന്നിലൂടെ കടന്നുപോയത്. ഡി.ജെ ബോക്സുകളിൽ നിന്നുള്ള വലിയ ബാസ്സും ശബ്ദതരംഗങ്ങളും കോഴികളെ പരിഭ്രാന്തരാക്കിയെന്ന് സബീർ അലി പറഞ്ഞു. അമിതമായ ശബ്ദം പക്ഷികളിലും മൃഗങ്ങളിലും കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാകാറുണ്ട്. ഇത് പലപ്പോഴും ഹൃദയാഘാതത്തിലേക്കും മരണത്തിലേക്കും നയിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സബീർ അലിയുടെ പരാതിയെത്തുടർന്ന് ഡി.ജെ ഓപ്പറേറ്ററായ കവി യാദവിനെതിരെ ചൊവ്വാഴ്ച രാത്രി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശബ്ദപരിധി ലംഘിച്ചാണോ ഡി.ജെ പ്രവർത്തിപ്പിച്ചതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
തനിക്ക് നേരിട്ട വലിയ സാമ്പത്തിക നഷ്ടത്തിന് ഉത്തരവാദി ഘോഷയാത്രയിലെ അമിത ശബ്ദമാണെന്ന് ഫാം ഉടമ ആരോപിച്ചു. സംഭവത്തിൽ ഡി.ജെ ഓപ്പറേറ്ററോ വിവാഹം നടത്തിയ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Summary: In a bizarre incident in Uttar Pradesh’s Sultanpur, 140 chickens died at a poultry farm allegedly due to high-decibel music played by a wedding DJ on April 25. The farm owner, Sabir Ali, filed a police complaint stating that the intense bass and sound caused panic and stress among the birds, leading to their death. Police have registered a case against the DJ operator and are investigating whether noise pollution limits were breached.

