തൃശൂർ: ഗുരുവായൂർ മണ്ഡലത്തെ ബിജെപിയുടെ സി-ക്ലാസ് മണ്ഡലമെന്ന് വിളിച്ച് പരിഹസിക്കുന്നവർക്ക് മെയ് നാലിന് മറുപടി ലഭിക്കുമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ. വോട്ടെണ്ണൽ കഴിയുമ്പോൾ ഗുരുവായൂർ 24 കാരറ്റ് അസ്സൽ എ-ക്ലാസ് മണ്ഡലമാണെന്ന് എല്ലാവർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു.(They will realize that Guruvayur is a 24-carat genuine A-class constituency of BJP on May 4t, B Gopalakrishnan)
പ്രചാരണത്തിനിടെ ബി. ഗോപാലകൃഷ്ണൻ നടത്തിയ ചില പരാമർശങ്ങൾ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. മണ്ഡലത്തിൽ ജനപ്രതിനിധി ഉണ്ടാകണമെന്നത് സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രസ്താവന വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം തൃശൂർ ജില്ലാ കളക്ടർ കേസെടുത്തിട്ടുണ്ട്. ഇതിനിടയിലാണ് രാഷ്ട്രീയ കണക്കുകൾ നിരത്തി അദ്ദേഹം സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.
മണ്ഡലത്തിലെ വോട്ടിംഗ് ശതമാനവും ചരിത്രവും വിശകലനം ചെയ്തുകൊണ്ടാണ് ഗോപാലകൃഷ്ണന്റെ പോസ്റ്റ്. 2016-ൽ നിവേദിതയ്ക്ക് ലഭിച്ച 25,392 വോട്ടാണ് ബിജെപിക്ക് മണ്ഡലത്തിൽ ലഭിച്ച ഏറ്റവും ഉയർന്ന വോട്ട്. 2021-ൽ പത്രിക തള്ളപ്പെട്ടതിനെത്തുടർന്ന് ബിജെപി പിന്തുണച്ച ഡിഎസ്ജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് 6,742 വോട്ടുകൾ മാത്രമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശൂരിൽ മികച്ച വിജയം നേടിയപ്പോഴും ബിജെപിക്ക് ഒപ്പം നിൽക്കാത്ത ഏക മണ്ഡലം ഗുരുവായൂരായിരുന്നു. ഹൈന്ദവ വോട്ടുകൾ 47% മാത്രമായതിനാലാണ് രാഷ്ട്രീയ എതിരാളികൾ ഇതിനെ സി-ഗ്രേഡ് മണ്ഡലമെന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗിന് വലിയ പ്രതീക്ഷയുള്ള മണ്ഡലമാണ് ഗുരുവായൂർ. 15 തിരഞ്ഞെടുപ്പുകളിൽ ഏഴ് തവണയും ലീഗ് ഇവിടെ വിജയിച്ചിട്ടുണ്ട്. എന്നാൽ 2006 മുതൽ തുടരുന്ന ഇടത് ആധിപത്യം സിറ്റിംഗ് എംഎൽഎയിലൂടെ നിലനിർത്താനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. ഈ രണ്ട് മുന്നണികൾക്കുമിടയിൽ ബിജെപി എത്രത്തോളം മുന്നേറ്റം നടത്തുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

