Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala
HomeNational'ഇന്ത്യയുടെ സവിശേഷത അതിൻ്റെ വൈവിധ്യമാണ്, ശബരിമല കയറിയ സ്ത്രീകൾ വിശ്വാസികളാണോ?': സുപ്രീംകോടതിയിൽ...

‘ഇന്ത്യയുടെ സവിശേഷത അതിൻ്റെ വൈവിധ്യമാണ്, ശബരിമല കയറിയ സ്ത്രീകൾ വിശ്വാസികളാണോ?’: സുപ്രീംകോടതിയിൽ ജസ്റ്റിസ് BV നാഗരത്ന | Sabarimala

🎙️ Latest Podcast

ന്യൂഡല്‍ഹി: ശബരിമലയിൽ യുവതീപ്രവേശന വിധിക്ക് പിന്നാലെ മലകയറിയ ബിന്ദു അമ്മിണിയും കനകദുർഗയും വിശ്വാസികളാണോ എന്ന് സുപ്രീംകോടതി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ബി.വി. നാഗരത്‌നയാണ് ഈ ചോദ്യം ഉന്നയിച്ചത്.(We are strong because we are diverse, says Justice Nagarathna on Sabarimala case )

യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന കക്ഷികൾക്ക് വേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് വാദമുഖങ്ങൾ നിരത്തുന്നതിനിടെയായിരുന്നു കോടതിയുടെ ഇടപെടൽ. ബിന്ദു അമ്മിണിയും കനകദുർഗയും ഹിന്ദു വിശ്വാസികളാണെന്നും ബിന്ദു അമ്മിണി മുൻപ് ശബരിമലയിൽ പോയിട്ടുണ്ടെന്നും ഇന്ദിരാ ജയ്‌സിങ് മറുപടി നൽകി. വിധി നിലനിൽക്കെ മലകയറിയ ഇവർക്ക് പിന്നീട് കടുത്ത സാമൂഹിക വേട്ടയാടലുകൾ നേരിടേണ്ടി വന്നു. ബിന്ദു അമ്മിണിക്ക് നേരെ ആൾക്കൂട്ട ആക്രമണമുണ്ടായെന്നും കനകദുർഗയ്ക്ക് പുറത്തുപോകേണ്ടി വന്നെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി.

ഒരു വിഭാഗത്തെ ‘ഡിനോമിനേഷൻ’ (പ്രത്യേക മതവിഭാഗം) ആയി കണക്കാക്കണമെങ്കിൽ അവരുടെ വിശ്വാസപ്രമാണങ്ങളിൽ സവിശേഷമായ എന്തെങ്കിലും ഉണ്ടായിരിക്കണം. ഒരു ക്ഷേത്രമാണ്, അതുകൊണ്ട് ഒരു പ്രത്യേക വിഭാഗമാണ് എന്ന് വെറുതെ പറയാനാകില്ല എന്ന് ഇന്ദിര ജയ്‌സിംഗ് പറഞ്ഞു. ഇന്ത്യയുടെ സവിശേഷത എന്നത് അതിന്റെ വൈവിധ്യമാണ് എന്നാണ് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞത്. വൈവിധ്യമാണ് നമ്മുടെ കരുത്ത്. ആ വൈവിധ്യത്തെ അംഗീകരിക്കുകയാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 26 (b) ചെയ്യുന്നത്. നമ്മൾ വൈവിധ്യമുള്ളവരായതിനാലാണ് നമ്മൾ ശക്തരായിരിക്കുന്നത്. വിവിധ മതവിഭാഗങ്ങളുടെ വൈവിധ്യത്തെ അംഗീകരിക്കുന്നതിലൂടെ ആർട്ടിക്കിൾ 26 (b) അവയ്ക്ക് സംരക്ഷണം നൽകുന്നു. ഇത്തരമൊരു സംരക്ഷണം നൽകുന്നതിലൂടെ രാജ്യത്ത് ഒരു ഐക്യം രൂപപ്പെടുന്നുണ്ട്, അത്തരത്തിലായിരിക്കണം നമ്മൾ ഇതിനെ നോക്കിക്കാണേണ്ടത് എന്നും അവർ വ്യക്തമാക്കി.

വിധി നിലനിൽക്കുന്നുണ്ടെന്നും സ്ത്രീകൾക്ക് പ്രവേശനത്തിന് തടസ്സമുണ്ടാകരുതെന്നും അനുകൂലിക്കുന്നവർ വാദിച്ചു. അവിശ്വാസികളായവർ എന്തിനാണ് മതാചാരങ്ങളിൽ കോടതിയെ സമീപിക്കുന്നതെന്നും പൊതുതാൽപ്പര്യ ഹർജികളിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് ശരിയാണോ എന്നും കോടതി മുൻപ് നിരീക്ഷിച്ചിരുന്നു. യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന 15-ലേറെ കക്ഷികളാണ് ഇന്ന് വാദങ്ങൾ എഴുതി സമർപ്പിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.