കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും. 7 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 142 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും തമ്മിൽ ഏറ്റുമുട്ടുന്ന ഭവാനിപൂർ മണ്ഡലമാണ് ഈ ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമി.(142 constituencies in second phase of voting in West Bengal, Mamata Banerjee faces intense BJP fight on Bhabanipur)
രണ്ടാം ഘട്ടത്തിൽ ഏകദേശം 3.21 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.ആകെ വോട്ടർമാർ: 3,21,73,837, വനിതകൾ: 1.57 കോടി, ട്രാൻസ്‌ജെൻഡേഴ്സ്: 792 എന്നിങ്ങനെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വൻ മുന്നേറ്റം നടത്തിയ മേഖലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ആധിപത്യം നിലനിർത്താൻ തൃണമൂൽ ശ്രമിക്കുമ്പോൾ, വോട്ടർപട്ടിക പരിഷ്കരണവും ഭരണവിരുദ്ധ വികാരവും തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ആദ്യ ഘട്ടത്തിൽ 93 ശതമാനം എന്ന റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയത് ഇരുമുന്നണികൾക്കും പ്രതീക്ഷ നൽകുന്നുണ്ട്. 152 സീറ്റുകളിൽ നടന്ന ആദ്യ ഘട്ടത്തിൽ 110 സീറ്റുകളിലും വിജയിക്കുമെന്ന് ബിജെപി അവകാശപ്പെടുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ കേന്ദ്രസേനയെ ഉൾപ്പെടെ വിന്യസിച്ച് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കൾ രണ്ടാം ഘട്ട പ്രചാരണത്തിനായി ബംഗാളിൽ എത്തിയിരുന്നു. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക.

