കോട്ടയം: പുതുപ്പള്ളിയിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾ അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ചു.(CCTV cameras not working properly, concerns over EVM, says Chandy Oommen)
സ്ട്രോങ്ങ് റൂമിലെ സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ അപാകതകൾ ഉണ്ടായിരുന്നു. പരാതി നൽകിയതിന് ശേഷമാണ് ഇതിൽ നടപടിയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഒരേ ഹാളിൽ വെച്ചിരിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ഇത് ആശയക്കുഴപ്പത്തിന് കാരണമാകുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മറ്റ് പല കാര്യങ്ങളും വെളിപ്പെടുത്താനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള പ്രചാരണ ഗാനങ്ങളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിനെ ചാണ്ടി ഉമ്മൻ ന്യായീകരിച്ചു. ഇത്തരം പ്രചാരണങ്ങളിൽ തെറ്റില്ലെന്നും തന്റെയും ഹൈബി ഈഡന്റെയും പേരിലുള്ള വീഡിയോകൾ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്തരിച്ച നേതാവ് ഉമ്മൻചാണ്ടിയുടെ വീഡിയോകൾ ഇപ്പോഴും ജനങ്ങൾക്കിടയിൽ സജീവമാണെന്നും അത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

