തൃശൂർ: മേളപ്പെരുക്കങ്ങൾക്കും വർണ്ണക്കാഴ്ചകൾക്കും വിട നൽകിക്കൊണ്ട് ശക്തന്റെ തട്ടകത്തിൽ തൃശൂർ പൂരം ഇന്ന് സമാപിക്കും. പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ വടക്കുന്നാഥന്റെ സന്നിധിയിൽ വെച്ച് ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ പൂരാഘോഷങ്ങൾക്ക് ഔദ്യോഗികമായി തിരശ്ശീല വീഴും.(Thrissur Pooram concludes today after a series of musical wonders, Now an year long waiting )
രാവിലെ ഏഴരയോടെ പാറമേക്കാവ് ഭഗവതി മണികണ്ഠനാലിൽ നിന്നും ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളി. എറണാകുളം ശിവകുമാർ ആണ് ഭഗവതിയുടെ തിടമ്പേറ്റിയത്. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ ശ്രീമൂലസ്ഥാനത്ത് നടന്ന മേളം പൂരപ്രേമികൾക്ക് ആവേശമായി. തിരുവമ്പാടി ഭഗവതി നായ്ക്കനാലിൽ നിന്നും ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളും. തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവതിയുടെ തിടമ്പേറ്റുമ്പോൾ, ചെറുശ്ശേരി കുട്ടന്മാരാരുടെ നേതൃത്വത്തിലുള്ള മേളം പൂരനഗരിയെ ആനന്ദത്തിലാറാടിക്കും.
വെടിക്കെട്ട് പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ നിയന്ത്രണങ്ങളോടെയാണ് പൂരം നടന്നത്. പുലർച്ചെയുള്ള വെടിക്കെട്ടും പകൽ വെടിക്കെട്ടും പൂർണ്ണമായും ഒഴിവാക്കി. കുടമാറ്റത്തിന്റെ ദൈർഘ്യം കുറച്ച് ആർഭാടങ്ങൾ ഒഴിവാക്കിയിരുന്നുവെങ്കിലും ജനപങ്കാളിത്തത്തിലും ആവേശത്തിലും കുറവുണ്ടായില്ല. ഉച്ചയ്ക്ക് 12 മണിയോടെ ഇരു ഭഗവതിമാരും വടക്കുന്നാഥ സന്നിധിയിലെത്തി പരസ്പരം ഉപചാരം ചൊല്ലി പിരിയും. അടുത്ത വർഷത്തെ പൂരത്തിനായി 2027 ഏപ്രിൽ 16-ന് വീണ്ടും ഒത്തുചേരാമെന്ന പ്രഖ്യാപനത്തോടെയാണ് പൂരപ്രേമികൾ വിടവാങ്ങുന്നത്.

