തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ അമിതവേഗതയിലെത്തിയ മിനി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. നഗരൂർ സ്വദേശി ബാബുക്കുട്ടൻ ആണ് മരിച്ചത്. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി.(Security guard dies after being hit by speeding mini bus)
ഞായറാഴ്ച രാവിലെ ആറ് മണിയോടെ പാപ്പാലയിലാണ് അപകടം സംഭവിച്ചത്. പാപ്പാലയിലെ റോയൽ എൻഫീൽഡ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ബാബുക്കുട്ടൻ. ജോലി സമയം കഴിഞ്ഞ് ഷോറൂമിന് മുന്നിൽ നിൽക്കുകയായിരുന്ന ഇദ്ദേഹത്തെ അമിതവേഗതയിലെത്തിയ മിനി ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ ബാബുക്കുട്ടന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

