കൊച്ചി: ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിൽ കഴിയുന്ന നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു (Kannan Sagar Actor). നടൻ മമ്മൂട്ടിയുടെ ‘കെയർ ആൻഡ് ഷെയർ’ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി നടപ്പിലാക്കുന്ന ‘ഹൃദ്യം’ പദ്ധതിയിലൂടെയായിരുന്നു താരത്തിന്റെ ശസ്ത്രക്രിയ.
“വേദനയുടെയും ഏകാന്തതയുടെയും ലോകത്ത് കൂടെയുണ്ടായ ഭാര്യ ഇല്ലായിരുന്നെങ്കിൽ ഞാൻ ഒറ്റപ്പെട്ടുപോയേനെ. രാത്രികളിൽ വേദന കൊണ്ട് ഞാൻ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ നിലയ്ക്കാനും എനിക്ക് ഉറങ്ങാനും വേണ്ടി ചൂടുവെള്ളവും വേദനസംഹാരിയുമായി അവൾ കാത്തിരിക്കും,” കണ്ണൻ സാഗർ കുറിച്ചു.
നിലവിൽ പെങ്ങളുടെ വീട്ടിൽ വിശ്രമത്തിലാണ് താരം. ശസ്ത്രക്രിയ കഴിഞ്ഞതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ട്. മൂന്ന് മാസത്തെ വിശ്രമത്തിന് ശേഷം ജോലിയിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ വീടിനുള്ളിൽ തന്നെ ചെറിയ രീതിയിൽ നടന്നു തുടങ്ങിയിട്ടുണ്ട്.
ഫോണിലൂടെ സഹപ്രവർത്തകരും സുഹൃത്തുക്കളും നിരന്തരം വിളിക്കാറുണ്ടെന്നും ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിമിക്രി വേദികളിലൂടെ കലാരംഗത്തെത്തിയ കണ്ണൻ സാഗർ ‘സർക്കാർ കോളനി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിരവധി നർമ്മ വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചു. ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിൽ താങ്ങായ മമ്മൂട്ടിക്കും മറ്റ് സുമനസ്സുകൾക്കും നന്ദി അറിയിച്ചുകൊണ്ടുള്ള താരത്തിന്റെ കുറിപ്പിന് താഴെ നിരവധി ആരാധകരാണ് പ്രാർത്ഥനകളുമായി എത്തുന്നത്.
View this post on Instagram
Story Summary: Actor and mimicry artist Kannan Sagar, recovering from heart surgery, shared an emotional note on social media. The surgery was performed under the ‘Hridyam’ project, a joint initiative of Mammootty’s Care and Share Foundation and Rajagiri Hospital. Kannan expressed deep gratitude to his wife for her support and thanked Mammootty and the hospital for their timely assistance during the critical period.

