കൊച്ചി: മാറുന്ന ലോകത്തിനനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും പാഠ്യപദ്ധതിയിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് ( Jain University Kochi). ജെയിൻ യൂണിവേഴ്‌സിറ്റിയുടെ സൗജന്യ സമ്മർ സ്കൂൾ പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുമ്പോൾ അറിവാണ് ഏറ്റവും വലിയ മൂലധനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾ കേവലം മാർക്കുകൾക്ക് പിന്നാലെ പോകാതെ ഇഷ്ടമുള്ള വിഷയങ്ങൾ ആസ്വദിച്ച് പഠിക്കണം. ഒരു വിഷയത്തെ വിമർശനാത്മകമായി വിശകലനം ചെയ്യാനുള്ള കഴിവാണ് ഇന്ന് പ്രധാനം.വിദ്യാർത്ഥികളുടെ അഭിരുചികൾ മനസ്സിലാക്കി അവരെ ശരിയായ ദിശയിലേക്ക് നയിക്കാൻ സമ്മർ സ്കൂൾ പോലുള്ള പരിപാടികൾക്ക് സാധിക്കുമെന്നും ഇത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ,ആയിരത്തിലധികം അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 60 വിദ്യാർത്ഥികൾക്കാണ് സമ്മർ സ്കൂളിൽ ഇത്തവണ പ്രവേശനം ലഭിച്ചിരിക്കുന്നത്.ആശയവിനിമയം, നേതൃപാടവം, ഡിജിറ്റൽ അവബോധം, കരിയർ ഗൈഡൻസ് എന്നിവയിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും.പഠന ക്ലാസുകൾക്ക് പുറമെ ഇക്കോ-ടൂറിസം വില്ലേജ്, വൃദ്ധസദനം എന്നിവ സന്ദർശിക്കാനും പ്രമുഖരുമായി സംവദിക്കാനും അവസരമുണ്ടാകും.താമസം, ഭക്ഷണം, യാത്രകൾ ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും യൂണിവേഴ്‌സിറ്റി തന്നെയാണ് വഹിക്കുന്നത്.
നാളെയുടെ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ് പറഞ്ഞു. ചടങ്ങിൽ പ്രൊ വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജെ ലത, സമ്മർ സ്കൂൾ കോർഡിനേറ്റർ ഡോ. ബിൻസി ബേബി തുടങ്ങിയവർ പങ്കെടുത്തു.
Story Summary: Industries Minister P. Rajeev inaugurated the second edition of Jain University’s free Summer School program in Kochi. He emphasized the need for education to evolve with changing times, shifting focus from marks to knowledge-based skills and critical thinking. The program offers 60 selected students practical training in leadership, digital awareness, and career guidance, with all expenses covered by the university.

