കൊല്ലം: ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർ.എസ്.പി. പ്രാദേശിക നേതാക്കൾ ശ്രമിച്ചുവെന്ന് ആരോപണം (Bindhu Krishna Kollam). കൊല്ലം ബീച്ച് റോഡിലെ ഹോട്ടലിൽ വെച്ച് ആർഎസ്പി ലോക്കൽ സെക്രട്ടറിയും സിപിഎം ജില്ലാ നേതാക്കളും കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം പുകയുന്നത്.
കലാശക്കൊട്ട് നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഈ രഹസ്യ ചർച്ച നടന്നതെന്നാണ് പരാതി. സിപിഎം ജില്ലാ കമ്മിറ്റി അംഗം, മുൻ കൗൺസിലർമാർ എന്നിവരടങ്ങുന്ന മൂന്നംഗ സംഘവുമായാണ് ആർഎസ്പി കൊല്ലം ജില്ലാ സൗത്ത് എൽസി സെക്രട്ടറി ചർച്ച നടത്തിയത്. ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ വോട്ട് മറിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളാണ് ഇവിടെ നടന്നതെന്ന് യുഡിഎഫ് സംശയിക്കുന്നു.
സംഭവത്തിൽ സ്ഥാനാർഥി ബിന്ദു കൃഷ്ണ നേരിട്ട് അതൃപ്തി രേഖപ്പെടുത്തുകയും കെപിസിസി, ആർഎസ്പി സംസ്ഥാന നേതൃത്വം, യുഡിഎഫ് നേതൃത്വം എന്നിവർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് വിവാദത്തിലായ ആർഎസ്പി ലോക്കൽ സെക്രട്ടറിയെ അടിയന്തരമായി മാറ്റി.
കൊല്ലം കോർപ്പറേഷൻ മേയർ എ.കെ. ഹഫീസിനായിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പ്രധാന ചുമതല. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലം ഡിസിസി ഓഫീസിൽ അടിയന്തര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നു. മുന്നണി ബന്ധത്തെ ബാധിക്കുന്ന ഗൗരവകരമായ വീഴ്ചയാണ് ഉണ്ടായതെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
Story Summary: A serious allegation has emerged against RSP local leaders for allegedly attempting to defeat UDF candidate Bindu Krishna in Kollam by holding secret meetings with CPM leaders. Visuals of RSP’s South LC Secretary meeting CPM district committee members at a hotel on Beach Road have surfaced. Bindu Krishna has filed a complaint with KPCC and RSP state leadership, leading to the removal of the local secretary from election duties.

