കാൻബറ: ഓസ്‌ട്രേലിയയിൽ വിനോദയാത്രയ്ക്കിടെ ശുചിമുറി തകർന്ന് യുവതി വിസർജ്യക്കുഴിയിലേക്ക് വീണു (Woman Falls Into Toilet Pit). ആലീസ് സ്പ്രിംഗ്‌സിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ അകലെയാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഏകദേശം മൂന്ന് മണിക്കൂറോളം വിസർജ്യക്കുഴിയിൽ കുടുങ്ങിക്കിടന്ന യുവതിയെ അതിസാഹസികമായാണ് പുറത്തെത്തിച്ചത്.
കാൻബറയിൽ നിന്ന് തന്റെ പങ്കാളിക്കും രണ്ട് കുട്ടികൾക്കുമൊപ്പം ഹെൻബറി ഉൽക്കാശില ഗർത്തം സന്ദർശിക്കാൻ പോവുകയായിരുന്നു യുവതി. യാത്രയ്ക്കിടെ റോഡരികിലെ ശുചിമുറിയിൽ കയറിയപ്പോൾ ക്ലോസറ്റ് തകരുകയും യുവതി ആഴത്തിലുള്ള കുഴിയിലേക്ക് വീഴുകയുമായിരുന്നു. വിദൂര പ്രദേശങ്ങളിൽ കാണപ്പെടുന്ന ‘ലോങ്-ഡ്രോപ്പ്’ ടോയ്‌ലറ്റ് സംവിധാനമായിരുന്നു ഇത്. ഇത്തരം ശുചിമുറികളിൽ വിസർജ്യം ശേഖരിക്കുന്നത് വലിയ കുഴികളിലാണ്.
യുവതി കുഴിയിൽ കുടുങ്ങിയതോടെ ഭർത്താവും അതുവഴിയെത്തിയ ഒരു വ്യാപാരിയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുഴിയിലേക്ക് കയർ ഇട്ടുകൊടുക്കുകയും മറ്റേ അറ്റം കാറിൽ കെട്ടി വലിച്ചുയർത്തുകയുമായിരുന്നു. മൂന്ന് മണിക്കൂറോളം വിസർജ്യത്തിനുള്ളിൽ കഴിയേണ്ടി വന്ന യുവതിയെ ഉടൻ തന്നെ 144 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതിക്ക് ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ‘എൻ.ടി വർക്ക് സേഫ്’ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഇത്തരം ശുചിമുറികളുടെ സുരക്ഷയെക്കുറിച്ച് വലിയ തോതിലുള്ള ചർച്ചകൾക്കും ഈ സംഭവം കാരണമായിട്ടുണ്ട്.
Summary: A woman traveling in Australia fell into a long-drop toilet pit after the floor collapsed. Trapped in human waste for nearly three hours near Alice Springs, she was rescued by her partner and a passerby using a rope tied to a car. Although hospitalized after traveling 144 km to reach medical help, officials confirmed she suffered no serious injuries. NT WorkSafe is currently investigating the incident.

