കോഴിക്കോട്: വടകരയിൽ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണത്തിന് മറുപടിയുമായി കെ.കെ. രമ എംഎൽഎ (K.K. Rema). തിരഞ്ഞെടുപ്പിലെ പരാജയഭീതി മൂലമാണ് സിപിഎം ഇപ്പോൾ ‘ഡീൽ’ ആരോപണം ഉന്നയിക്കുന്നതെന്ന് രമ പരിഹസിച്ചു. പിണറായി സർക്കാരിന്റെ ഭരണവിരുദ്ധതയ്ക്കെതിരെ ജനങ്ങൾ ഒന്നിച്ചു പ്രതികരിക്കുന്നതിൽ പാർട്ടി വ്യത്യാസമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കോ-ലീ-ബി സഖ്യമെന്ന ആരോപണം പരാജയം ഉറപ്പാകുമ്പോൾ രക്ഷപ്പെട്ടു പോകാനുള്ള സ്ഥിരം അടവ് മാത്രമാണ്. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും സിപിഎം ഇതേ ആരോപണം ആവർത്തിക്കാറുണ്ട്. ബിജെപിയുമായി യഥാർത്ഥത്തിൽ ആർക്കാണ് ബന്ധമുള്ളതെന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാം. ബിജെപി നടപടിയെടുത്തത് അവരുടെ പാർട്ടിക്കുള്ളിലെ വിമതർക്കെതിരെയാണ്, അതിനെ വോട്ട് കച്ചവടമായി ചിത്രീകരിക്കേണ്ടതില്ല- അവർ പറഞ്ഞു.
വടകരയിൽ എന്ത് കോ-ലീ-ബി സഖ്യമാണുള്ളതെന്ന് ഗോവിന്ദൻ വ്യക്തമാക്കണമെന്ന് രമ ചോദിച്ചു. ഭരണത്തിനെതിരെയുള്ള ജനവിധിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇത്തരം പ്രസ്താവനകളിലൂടെ നടക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
നാദാപുരത്തും വടകരയിലും യുഡിഎഫിന് വേണ്ടി വോട്ട് മറിച്ചു നൽകിയ ഏഴോളം ബിജെപി പ്രാദേശിക നേതാക്കളെ സംഘടനയിൽ നിന്ന് പുറത്താക്കിയത് ഇതിന് തെളിവമാണെന്നായിരുന്നു എം.വി. ഗോവിന്ദന്റെ ആരോപണം. എൽഡിഎഫ് – ബിജെപി ഡീൽ ഉണ്ടെന്ന് പ്രചരിപ്പിച്ച യുഡിഎഫ് തന്നെയാണ് യഥാർത്ഥത്തിൽ വോട്ട് കച്ചവടം നടത്തിയതെന്നും വോട്ടെണ്ണിക്കഴിയുമ്പോൾ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Story Summary: RMP leader and MLA K.K. Rema has dismissed CPM State Secretary M.V. Govindan’s allegations of a UDF-BJP ‘deal’ in Vadakara. She stated that the CPM is raising these claims out of fear of defeat and that the public is united against the Pinarayi government’s anti-incumbency regardless of party lines.

