മലപ്പുറം: താനൂരിൽ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു. താനൂർ-മഠത്തി റോഡിൽ താമസിക്കുന്ന യുവാവിനാണ് അട്ടത്തോടിന് സമീപം ജോലി ചെയ്യുന്നതിനിടെ കയ്യിൽ പൊള്ളലേറ്റത് (Tanur Sunstroke). ഇയാളെ ഉടൻ തന്നെ കുന്നുംപുറം ഹെൽത്ത് സെന്ററിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. യുവാവിന്റെ കയ്യിൽ കാര്യമായ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്.
സംസ്ഥാനത്ത് വേനൽച്ചൂട് റെക്കോർഡ് നിലവാരത്തിലേക്ക് ഉയരുന്നതിനൊപ്പം അൾട്രാ വയലറ്റ് സൂചികയും വർദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
കനത്ത ചൂട് വൈദ്യുതി ഉത്പാദനത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 33 ശതമാനമായി താഴ്ന്നു. ജലനിരപ്പ് 20 ശതമാനത്തിൽ എത്തിയാൽ വൈദ്യുതി ഉത്പാദനം നിർത്തിവെക്കേണ്ടി വരുമെന്നത് സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാൻ കാരണമായേക്കാം.
Summary: A young man in Tanur, Malappuram, suffered sunstroke while working outdoors, resulting in significant burns on his hand. He is currently receiving treatment at a local health center. Meanwhile, Kerala is facing an intense heatwave with rising UV indices, leading to an Orange Alert in four districts and Yellow Alerts in seven others. The declining water levels in the Idukki dam have also sparked concerns regarding future power generation.

