മുംബൈ: പേടിഎം പേയ്മെന്റ് ബാങ്കിന്റെ (PPBL) ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കിയ നടപടിയിൽ ഉപഭോക്താക്കൾക്ക് വ്യക്തത നൽകി മാതൃകമ്പനിയായ 197 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് (Paytm App Working Status). ബാങ്കിന്റെ ലൈസൻസ് നഷ്ടമായെങ്കിലും ഉപഭോക്താക്കൾ ഉപയോഗിക്കുന്ന പേടിഎം ആപ്പ് സേവനങ്ങളെ ഇത് ബാധിക്കില്ലെന്നും സേവനങ്ങൾ തടസ്സമില്ലാതെ തുടരുമെന്നും കമ്പനി അറിയിച്ചു.
പേടിഎം പേയ്മെന്റ് ബാങ്കും പേടിഎം ആപ്പും തമ്മിൽ നേരിട്ട് പ്രവർത്തനപരമായ ബന്ധമില്ലെന്നാണ് കമ്പനി നൽകുന്ന വിശദീകരണം. അതിനാൽ പേടിഎം ആപ്പ് വഴിയുള്ള യുപിഐ ഇടപാടുകൾ മുടക്കമില്ലാതെ നടത്താം. കടകളിലെ പേടിഎം ക്യുആർ കോഡുകൾ, സൗണ്ട് ബോക്‌സ്, കാർഡ് മെഷീനുകൾ എന്നിവ തുടർന്നും ലഭ്യമാകും. സാധാരണ രീതിയിലുള്ള ആപ്പ് സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് ആശങ്ക വേണ്ടെന്ന് കമ്പനി വ്യക്തമാക്കി.
അതേസമയം, പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡ് നൽകിയിരുന്ന വാലറ്റ് സൗകര്യങ്ങൾക്ക് നിയന്ത്രണമുണ്ടാകും. വാലറ്റിലേക്ക് പുതുതായി പണം നിക്ഷേപിക്കാനോ വാലറ്റ് വഴിയുള്ള ട്രാൻസാക്ഷനുകൾക്കോ അനുമതി ഉണ്ടായിരിക്കില്ല. നിയമവ്യവസ്ഥകൾ പാലിക്കുന്നതിലെ വീഴ്ചയും സുരക്ഷാ മാനദണ്ഡങ്ങളിലെ പരാജയവുമാണ് ബാങ്കിനെതിരെയുള്ള ആർബിഐ നടപടിക്ക് കാരണമായത്. ബാങ്കിംഗ് ഇതര സേവനങ്ങൾക്ക് മറ്റ് ബാങ്കുകളുമായി സഹകരിച്ച് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാണ് പേടിഎമ്മിന്റെ നീക്കം.
Summary: Paytm’s parent company, 197 Communications Ltd, has clarified that its app services, including UPI payments, QR codes, and Soundbox, will continue to function normally despite the RBI canceling Paytm Payments Bank’s (PPBL) license. The company stated that the app and the banking unit operate independently. However, PPBL’s wallet services will no longer be available for new deposits or transactions. The RBI’s move followed concerns over non-compliance and administrative failures.

