ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം വലിയ വിജയം നേടുമെന്ന് പാർട്ടി അധ്യക്ഷൻ വിജയ്. സംസ്ഥാനത്ത് രേഖപ്പെടുത്തിയ റെക്കോർഡ് പോളിംഗിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ വിജയ്, രാഷ്ട്രീയത്തെക്കുറിച്ചുള്ള പലരുടെയും മുൻവിധികൾ സാധാരണക്കാർ തകർക്കുമെന്നും എക്സിൽ കുറിച്ചു. ഏപ്രിൽ 23 ഒരു തുടക്കം മാത്രമാണെന്നും തനിക്കായി വോട്ട് ചോദിച്ച കുട്ടികൾക്ക് പ്രത്യേക നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.(Victory is assured in Tamil Nadu, says Vijay about Tamil Nadu Assembly Elections )
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 85.15 ശതമാനമാണ് അന്തിമ പോളിംഗ്. ഇതാദ്യമായാണ് തമിഴ്‌നാട്ടിൽ ഇത്രയധികം പോളിംഗ് രേഖപ്പെടുത്തുന്നത്. വോട്ടിംഗ് ശതമാനത്തിലുണ്ടായ വൻ വർദ്ധനവ് ‘വിജയ് ഫാക്ടർ’ കാരണമാണെന്നും മെയ് നാലിന് ഫലം വരുമ്പോൾ തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭൂപടം മാറുമെന്നും ടിവികെ കേന്ദ്രങ്ങൾ അവകാശപ്പെടുന്നു.
സുരക്ഷിതമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്താൻ കഴിയുമെന്ന് ഡിഎംകെ വിശ്വസിക്കുന്നു. എങ്കിലും, വിജയ് മത്സരിച്ച പെരമ്പൂരിൽ പോളിംഗ് ശതമാനം ഉയർന്നത് ഭരണകക്ഷിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പെരമ്പൂരിൽ വിജയ് ജയിച്ചേക്കുമെന്ന് ഡിഎംകെ തന്നെ വിലയിരുത്തുന്നുണ്ടെങ്കിലും അദ്ദേഹം മത്സരിച്ച രണ്ടാമത്തെ സീറ്റായ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ വിജയം ഉറപ്പാണെന്ന് അവർ കരുതുന്നു. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നും വടക്കൻ തമിഴ്‌നാട്ടിലും കൊംഗു മേഖലയിലും മുന്നേറാൻ കഴിയുമെന്നുമാണ് എഐഎഡിഎംകെ പറയുന്നത്. ടിവികെയ്ക്ക് താഴെത്തട്ടിൽ ശക്തമായ സംഘടനാ സംവിധാനമില്ലാത്തത് തങ്ങൾക്ക് ഗുണമാകുമെന്ന് അവർ കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ ഡിഎംകെ സഖ്യം തൂത്തുവാരിയ ചെന്നൈ നഗരത്തിലെ 16 സീറ്റുകളിൽ ഇത്തവണ ചിലയിടങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

