തൃശ്ശൂർ: കോടാലിയിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങളെ പാമ്പ് കടിക്കുകയും എട്ടു വയസ്സുകാരൻ മരിക്കുകയും ചെയ്ത വീട്ടിൽ ഭീതിയൊഴിയുന്നില്ല. ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുന്ന മകൻ അനോഷിനെ ഇനി ഈ വീട്ടിലേക്ക് കൊണ്ടുവരില്ലെന്ന് മാതാപിതാക്കൾ വ്യക്തമാക്കി.(The child will not be brought to this house, Parents of the boy who died after snakebite )
തുടർച്ചയായി പാമ്പുകളെ കാണുന്ന പശ്ചാത്തലത്തിൽ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് വനംവകുപ്പും പാമ്പ് പിടുത്തക്കാരും പരിശോധന നടത്തി. ഉറവിടം കണ്ടെത്താൻ സാധിക്കാത്തത്തിനാൽ പരിശോധന അവസാനിപ്പിച്ചു. ശുചിമുറിയിലെ പൈപ്പുകൾ വഴിയാകാം പാമ്പ് അകത്തെത്തുന്നത് എന്ന സംശയത്തെത്തുടർന്ന് ആണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം വീണ്ടും ശുചിമുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയതോടെ, ഈ വീട്ടിൽ നിന്ന് പിടികൂടിയ പാമ്പുകളുടെ എണ്ണം അഞ്ചായി. ഇതിൽ നാലെണ്ണവും കുട്ടികളെ കടിച്ച അതേ ‘ശംഖുവരയൻ’ ഇനത്തിൽപ്പെട്ടവയാണ്. ആൽജോയുടെ മരണത്തിന് പിന്നാലെ പാമ്പിൻ കുഞ്ഞുങ്ങളെ നശിപ്പിക്കാനായി വീടിന് ചുറ്റും വനംവകുപ്പ് ഉദ്യോഗസ്ഥർ തീയിട്ടിരുന്നു.

