കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ വോട്ടർമാരുടെ വൻ പങ്കാളിത്തം. ഉച്ചയ്ക്ക് മൂന്ന് മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 78.8 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒരു മണിക്ക് 62.18 ശതമാനമായിരുന്ന പോളിംഗ് നിരക്കാണ് രണ്ട് മണിക്കൂറിനുള്ളിൽ വലിയ തോതിൽ വർധിച്ചത്.(West Bengal has recorded 78.8 per cent voting till 3 pm)
ബംഗാളിലെ മഥുരാപ്പൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ, ഒന്നാം ഘട്ടത്തിലെ ഈ ‘ബമ്പർ’ പോളിംഗ് വലിയ മാറ്റത്തിന്റെ സൂചനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “ബംഗാളിലെ ഉയർന്ന പോളിംഗ് ശതമാനം കാണിക്കുന്നത് ജനങ്ങളുടെ മനസ്സിലെ ‘ഭോയ്’ (ഭയം) പരാജയപ്പെടുകയും ‘ഭരോസ’ (വിശ്വാസം) വിജയിക്കുകയും ചെയ്യുന്നു എന്നാണ്,” അദ്ദേഹം അവകാശപ്പെട്ടു.
വോട്ടെടുപ്പിനിടെ ബിജെപി എംഎൽഎയും അസൻസോൾ സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ അഗ്നിമിത്ര പോളിന് നേരെ ആക്രമണമുണ്ടായി. റഹ്മത്ത് നഗർ മേഖലയിൽ വെച്ച് ഇവരുടെ വാഹനത്തിന് നേരെ കല്ലേറുണ്ടാവുകയായിരുന്നു. ആക്രമണത്തിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. സംഭവത്തിൽ അഗ്നിമിത്ര പോൾ ഹിരാപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചെറിയ രീതിയിലുള്ള സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും വോട്ടർമാർ വലിയ ആവേശത്തോടെയാണ് ബൂത്തുകളിലേക്ക് എത്തുന്നത്. വൈകുന്നേരത്തോടെ പോളിംഗ് ശതമാനം ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.

