തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ ദിക്ഷൽ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പിതാവ്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വേണ്ടത്ര ഗൗരവമായ സമീപനം ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.(8-year-old boy dies of snakebite in Trivandrum, Father against hospital authorities)
പുലർച്ചെ രണ്ടരയോടെ പാമ്പുകടിയേറ്റ കുട്ടിയെ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ കുട്ടി ബുദ്ധിമുട്ടുകൾ അറിയിച്ചിട്ടും ഡോക്ടർമാർ അത് നിസ്സാരമായാണ് കണ്ടതെന്ന് അദ്ദേഹം ആരോപിക്കുന്നു. ആശുപത്രിയിൽ എത്തിക്കുന്നത് വരെ കുട്ടി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഴൂർ മൂലയിൽ വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. വിവരം അറിഞ്ഞ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റാനായിരുന്നു നിർദ്ദേശം. മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ വീട്ടിൽ നിന്ന് പിന്നീട് ഒരു മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു.

