ന്യൂഡൽഹി: ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയ കേസിൽ 19-കാരനായ മുൻ വീട്ടുജോലിക്കാരൻ രാഹുൽ പിടിയിലായതോടെ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ (Delhi IRS Officer Daughter Murder). ബുധനാഴ്ച തെക്കുകിഴക്കൻ ഡൽഹിയിലെ ഈസ്റ്റ് ഓഫ് കൈലാഷിൽ നടന്ന കൊലപാതകത്തിന് തൊട്ടുമുൻപ് രാജസ്ഥാനിലെ അൽവാറിലും പ്രതി സമാനമായ കുറ്റകൃത്യം ചെയ്തതായി പോലീസ് കണ്ടെത്തി.
ദില്ലിയിൽ 22-കാരിയായ എൻജിനീയറിങ് ബിരുദധാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ്, അൽവാറിലെ സ്വന്തം ഗ്രാമത്തിൽ രാഹുൽ മറ്റൊരു സ്ത്രീയെ പീഡിപ്പിച്ചിരുന്നു. ഈ സ്ത്രീയുടെ ഭർത്താവിന്റെ സുഹൃത്തായിരുന്നു പ്രതി. അൽവാറിലെ കൃത്യത്തിന് ശേഷമാണ് ഇയാൾ ദില്ലിയിലേക്ക് കടന്നത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ദില്ലിയിലെ ദ്വാരകയിലുള്ള ഒരു ഹോട്ടലിൽ നിന്നാണ് പോലീസ് പിടികൂടിയത്. മൊബൈൽ ഫോൺ ചാർജർ കേബിൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് ഇയാൾ യുവതിയെ കൊലപ്പെടുത്തിയത്.
പണം കടം വാങ്ങുന്ന ശീലമുണ്ടായിരുന്ന രാഹുലിനെ ഒരു മാസം മുൻപാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഇതിലുള്ള പകയാകാം കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. തുടർച്ചയായി പീഡനങ്ങളും കൊലപാതകവും ചെയ്തത് പ്രതിയുടെ ക്രിമിനൽ മനോഭാവമാണ് വ്യക്തമാക്കുന്നതെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ വിജയ് കുമാർ പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ദില്ലിയിലെ യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. കൊലപാതകം നടക്കുമ്പോൾ ഇവർ വീട്ടിൽ തനിച്ചായിരുന്നു.
Summary: A 19-year-old former domestic help, Rahul, was arrested from a Dwarka hotel for the rape and murder of an IRS officer’s 22-year-old daughter in Delhi. Investigation revealed that just hours before the Delhi crime, Rahul had raped another woman in Alwar, Rajasthan. He had been fired from the Delhi household a month ago for financial misconduct. Police suspect a combination of revenge and a deep-seated criminal mindset behind the series of brutal attacks.

