ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തൊട്ടുമുൻപ് മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ നേരിട്ട് ഇടപെട്ട മമതയുടെ നടപടി ജനാധിപത്യത്തെ അപകടത്തിലാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു (Mamata Banerjee I-PAC Case Supreme Court). രാഷ്ട്രീയ ഉപദേശക കമ്പനിയായ ഐ-പാക്കിന്റെ (I-PAC) ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ പരിശോധനയ്ക്കിടെ മുഖ്യമന്ത്രി നേരിട്ടെത്തിയതിനെയാണ് കോടതി വിമർശിച്ചത്.
ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് മധ്യത്തിലേക്ക് നടന്നു കയറാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത് ഭരണഘടനാ ശില്പികൾ പോലും വിഭാവനം ചെയ്യാത്ത സാഹചര്യമാണെന്നും കോടതി കൂട്ടിച്ചേർത്തു. ജനുവരിയിൽ ഐ-പാക് സ്ഥാപകൻ പ്രതീക് ജെയിന്റെ വസതിയിലും ഓഫീസിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടായിരുന്നു ഇത്. റെയ്ഡ് നടക്കുന്നതിനിടെ മമത ബാനർജിയും മറ്റ് ഉദ്യോഗസ്ഥരും അവിടെയെത്തിയതാണ് വിവാദമായത്.
തിരഞ്ഞെടുപ്പിന് മുൻപ് തൃണമൂൽ കോൺഗ്രസിനെ ദുർബലപ്പെടുത്താൻ കേന്ദ്രം രാഷ്ട്രീയമായി നടത്തുന്ന നീക്കമാണ് ഈ റെയ്ഡുകൾ എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം.കേസിന്റെ തുടർച്ചയായി ഏപ്രിൽ 13-ന് ഐ-പാക് സഹസ്ഥാപകൻ വിനേഷ് കുമാർ ചന്ദേലിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പശ്ചിമ ബംഗാളിലെ ഐ-പാകിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ഈ സുപ്രീം കോടതി പരാമർശം പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
Summary: The Supreme Court has strongly criticized West Bengal CM Mamata Banerjee for interfering in an ongoing Enforcement Directorate (ED) investigation at the I-PAC offices. The court stated that a Chief Minister entering an active search operation puts “democracy in jeopardy” and is an act the Constitution’s framers would have disapproved of. This comes just a day before West Bengal goes to the polls. The case involves money laundering allegations against political consultancy I-PAC, whose co-founder Vinesh Kumar Chandel was arrested on April 13.

