തൃശ്ശൂർ: തിരുവമ്പാടി വിഭാഗത്തിന്റെ പടക്കപ്പുരയിലുണ്ടായ സ്ഫോടനം അക്ഷരാർത്ഥത്തിൽ മുണ്ടത്തിക്കോടിനെ നടുക്കി (Mundathikode Explosion Update). കിലോമീറ്ററുകളോളം ദൂരത്തിൽ സ്ഫോടന ശബ്ദം കേട്ടതായും വലിയ വാഹനങ്ങൾ പോലും പ്രകമ്പനത്തിൽ കുലുങ്ങിയതായും ദൃക്‌സാക്ഷികൾ പറയുന്നു. വാഹനത്തിൽ ഇരിക്കുമ്പോഴാണ് സ്ഫോടനം നടന്നതെന്നും, ഒരു ഫോർച്യൂണർ വണ്ടി പോലും ശരിക്കും കുലുങ്ങിയതായും പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. അതേസമയം, ഭൂകമ്പത്തിന് സമാനമായ അനുഭവമാണ് ഉണ്ടായതെന്നും, ഭൂമി കുലുങ്ങുന്നത് പോലെ തോന്നിയതായി പലരും പറഞ്ഞു.
സ്ഫോടനം നടന്ന സ്ഥലത്തിന് ചുറ്റുമുള്ള കൃഷിസ്ഥലങ്ങളിലും മറ്റും മനുഷ്യശരീര ഭാഗങ്ങൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പടക്കപ്പുരയിൽ ഇപ്പോഴും ചെറിയ സ്ഫോടനങ്ങൾ തുടരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
അപകടകാരണം:
കടുത്ത വേനൽച്ചൂടാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് കൂടാരങ്ങളിലായി സൂക്ഷിച്ചിരുന്ന വെടിക്കെട്ട് സാമഗ്രികൾ ഒന്നൊന്നായി പൊട്ടിത്തെറിക്കുകയായിരുന്നു. വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ പടക്കം നിർമ്മിച്ചിരുന്നത്. സതീഷിനും സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. ഫയർഫോഴ്‌സ് സംഘം മതിൽ തകർത്ത് അകത്തുകയറി തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇടുങ്ങിയ വഴികളും തുടർച്ചയായ പൊട്ടിത്തെറികളും കാരണം രക്ഷാപ്രവർത്തകർക്ക് ഉൾഭാഗത്തേക്ക് കടക്കാൻ ഏറെ പ്രയാസം നേരിട്ടു.
Also Read: തൃശ്ശൂരിൽ വെടിക്കെട്ട് ദുരന്തം: മരണം 12 ആയി; മൃതദേഹങ്ങൾ ചിതറിയ നിലയിൽ, നടുക്കം മാറാതെ മുണ്ടത്തിക്കോട്
തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ വൻ നാശനഷ്ടം (Thrissur Fireworks Tragedy). അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ 12 മരങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30-ഓടെയാണ് ആദ്യ സ്ഫോടനം നടന്നത്. തുടർന്ന് ഏകദേശം രണ്ട് മണിക്കൂറോളം പടക്കപ്പുരയിലെ അഞ്ച് കൂടാരങ്ങളും മാറിമാറി പൊട്ടിത്തെറിച്ചു. വൈകിട്ട് ആറുമണിയോടെയാണ് തീ ഭാഗികമായി അണയ്ക്കാനായത്. നാൽപ്പതോളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 25 പേരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ഇടുങ്ങിയ വഴിയിലൂടെ അഗ്നിശമന സേനയ്ക്ക് എത്താൻ കഴിയാതിരുന്നതിനെത്തുടർന്ന് സമീപത്തെ മതിൽ തകർത്താണ് വാഹനങ്ങൾ അകത്തെത്തിച്ചത്. സ്ഫോടനം നടന്ന സ്ഥലത്ത് ഇപ്പോഴും വൻതോതിൽ പുക ഉയരുന്നതും പൊട്ടാത്ത വെടിക്കെട്ട് സാമഗ്രികൾ അവശേഷിക്കുന്നതും രക്ഷാപ്രവർത്തകർക്ക് ഭീഷണിയാകുന്നുണ്ട്.
തിരുവമ്പാടി ദേവസ്വം ബോർഡിന് വേണ്ടി വെടിക്കെട്ട് ഒരുക്കുന്ന കേന്ദ്രത്തിലായിരുന്നു അപകടം. ഈ മാസം 24-ന് നടക്കേണ്ട സാമ്പിൾ വെടിക്കെട്ടിനും 27-ലെ പ്രധാന വെടിക്കെട്ടിനുമുള്ള കരിമരുന്നാണ് ഇവിടെ ശേഖരിച്ചിരുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കിലോമീറ്ററുകളോളം ദൂരത്തിൽ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉണ്ടായ ഈ വലിയ ദുരന്തം തൃശ്ശൂർ പൂരത്തിന്റെ ആഘോഷങ്ങളിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.
Story Summary: Residents near the Mundathikode fireworks blast site describe the experience as similar to an earthquake, with heavy vehicles shaking due to the impact. The death toll has officially risen to 12. Local witnesses reported seeing body parts scattered across nearby fields. Severe summer heat is suspected to have triggered the massive explosion at the unit preparing for Thrissur Pooram.

