തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ വൻ നാശനഷ്ടം (Thrissur Fireworks Tragedy). അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ 12 മരങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30-ഓടെയാണ് ആദ്യ സ്ഫോടനം നടന്നത്. തുടർന്ന് ഏകദേശം രണ്ട് മണിക്കൂറോളം പടക്കപ്പുരയിലെ അഞ്ച് കൂടാരങ്ങളും മാറിമാറി പൊട്ടിത്തെറിച്ചു. വൈകിട്ട് ആറുമണിയോടെയാണ് തീ ഭാഗികമായി അണയ്ക്കാനായത്. നാൽപ്പതോളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 25 പേരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ഇടുങ്ങിയ വഴിയിലൂടെ അഗ്നിശമന സേനയ്ക്ക് എത്താൻ കഴിയാതിരുന്നതിനെത്തുടർന്ന് സമീപത്തെ മതിൽ തകർത്താണ് വാഹനങ്ങൾ അകത്തെത്തിച്ചത്. സ്ഫോടനം നടന്ന സ്ഥലത്ത് ഇപ്പോഴും വൻതോതിൽ പുക ഉയരുന്നതും പൊട്ടാത്ത വെടിക്കെട്ട് സാമഗ്രികൾ അവശേഷിക്കുന്നതും രക്ഷാപ്രവർത്തകർക്ക് ഭീഷണിയാകുന്നുണ്ട്.
തിരുവമ്പാടി ദേവസ്വം ബോർഡിന് വേണ്ടി വെടിക്കെട്ട് ഒരുക്കുന്ന കേന്ദ്രത്തിലായിരുന്നു അപകടം. ഈ മാസം 24-ന് നടക്കേണ്ട സാമ്പിൾ വെടിക്കെട്ടിനും 27-ലെ പ്രധാന വെടിക്കെട്ടിനുമുള്ള കരിമരുന്നാണ് ഇവിടെ ശേഖരിച്ചിരുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കിലോമീറ്ററുകളോളം ദൂരത്തിൽ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉണ്ടായ ഈ വലിയ ദുരന്തം തൃശ്ശൂർ പൂരത്തിന്റെ ആഘോഷങ്ങളിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.
Story Summary: The death toll in the Thrissur fireworks manufacturing unit explosion at Mundathikode has risen to 12. District Collector Shikha Surendran confirmed the recovery of five bodies and remains of three others. Around 40 people were injured, with five in critical condition. The unit was producing fireworks for the Thiruvambady section for the upcoming Thrissur Pooram.

