ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഭീകരവാദി’ എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഖാർഗെയുടെ വിവാദ പരാമർശം (Mallikarjun Kharge PM Modi Terrorist Remark). എന്നാൽ, നിമിഷങ്ങൾക്കകം തന്റെ പ്രസ്താവനയിൽ തിരുത്തലുമായി അദ്ദേഹം രംഗത്തെത്തി.
തമിഴ്‌നാട്ടിൽ ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള എഐഎഡിഎംകെയുടെ തീരുമാനത്തെ വിമർശിക്കുന്നതിനിടെയാണ് ഖാർഗെ മോദിക്കെതിരെ കടുത്ത വാക്ക് ഉപയോഗിച്ചത്. “അണ്ണാദുരൈയുടെ ചിത്രം ഉപയോഗിക്കുന്ന എഐഎഡിഎംകെക്കാർക്ക് എങ്ങനെ മോദിക്കൊപ്പം ചേരാനാകും? അദ്ദേഹം ഒരു ഭീകരവാദിയാണ്. അദ്ദേഹത്തിന്റെ പാർട്ടി സമത്വത്തിലും നീതിയിലും വിശ്വസിക്കുന്നില്ല,” ഖാർഗെ പറഞ്ഞു.
പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ഖാർഗെ എത്തി. താൻ മോദിയെ ഭീകരവാദി എന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം ജനങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും ‘ഭയപ്പെടുത്തുകയാണ്’ എന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇഡി, ഐടി, സിബിഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് മോദി എല്ലാവരെയും ഭീഷണിപ്പെടുത്തുകയാണെന്നും ആ അർത്ഥത്തിലാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഖാർഗെയുടെ പരാമർശത്തിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. കോൺഗ്രസ് ഒരു ‘അർബൻ നക്സൽ’ പാർട്ടിയായി മാറിയെന്ന് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. ജനാധിപത്യപരമായ സംവാദങ്ങളുടെ നിലവാരം കോൺഗ്രസ് തകർക്കുകയാണെന്നും അവർ ആരോപിച്ചു.
സ്ത്രീ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾക്കെതിരെ പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം നടത്തിയ ‘ഭ്രൂണഹത്യ’ പരാമർശത്തിന് പിന്നാലെയാണ് ഖാർഗെയുടെ ഈ പ്രസ്താവന പുറത്തുവരുന്നത്. തമിഴ്‌നാട് തിരഞ്ഞെടുപ്പ് ചൂടിലായിരിക്കെ ഈ വിവാദം വരും ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകൾക്ക് പുതിയ വഴിത്തിരിവാകും.
Summary: Congress President Mallikarjun Kharge stirred controversy on Tuesday by referring to PM Narendra Modi as a “terrorist” during a press conference in Tamil Nadu. He later clarified that he meant the PM is “terrorising” people and political parties using central agencies like the ED and CBI. The BJP condemned the remark, labeling Congress as an “Urban Naxal Party.” The exchange highlights the escalating tensions between the Congress-DMK alliance and the BJP-AIADMK combine ahead of the Tamil Nadu polls.

