ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം വോട്ടർമാർക്ക് വൈകാരികമായ കത്തെഴുതി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് ( TVK Chief Vijay Letter to Voters). തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചത് ജനങ്ങളുടെ സ്നേഹമാണെന്നും അത് തിരിച്ചുനൽകാനുള്ള കടമ തനിക്കുണ്ടെന്നും വിജയ് കത്തിൽ വ്യക്തമാക്കി. തന്റെ പാർട്ടിയുടെ ചിഹ്നമായ ‘വിസിൽ’ ഒരു വിപ്ലവമായി മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഡിഎംകെയും ബിജെപിയും തനിക്ക് വിവരിക്കാനാവാത്ത വേദനയുണ്ടാക്കിയെന്ന് വിജയ് ആരോപിച്ചു. പണമോ അധികാരമോ കാട്ടി തന്നെ കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും അഴിമതിക്കും വിഭജന രാഷ്ട്രീയത്തിനും ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം, വർഷത്തിൽ ആറ് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, 25 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസ് എന്നിവയാണ് വിജയ് മുന്നോട്ട് വെക്കുന്ന പ്രധാന വാഗ്ദാനങ്ങൾ.
ചെന്നൈയിലെ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് വിജയ് ജനവിധി തേടുന്നത്. യുവജനങ്ങൾക്കും കന്നി വോട്ടർമാർക്കും ഇടയിലുള്ള തന്റെ സ്വാധീനത്തിലാണ് വിജയിയുടെ പ്രതീക്ഷ. ഏപ്രിൽ 23-നാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ്. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ഡിഎംകെ, തിരിച്ചുവരവിനായി പോരാടുന്ന എഐഎഡിഎംകെ, കരുത്തുകാട്ടാൻ ബിജെപി എന്നിവർക്കൊപ്പം വിജയയിയുടെ ടിവികെ കൂടി എത്തുന്നതോടെ അഞ്ചു കോണുകളുള്ള ശക്തമായ മത്സരത്തിനാണ് തമിഴ് മണ്ണ് സാക്ഷ്യം വഹിക്കുന്നത്.
പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ‘രാഷ്ട്രീയ ചൂതാട്ടക്കാരെ’ തള്ളിക്കളയണമെന്നും വിസിൽ ചിഹ്നത്തിന് വോട്ട് ചെയ്ത് വിപ്ലവത്തിന്റെ ഭാഗമാകണമെന്നും വിജയ് ആവശ്യപ്പെട്ടു.
Summary: On the final day of campaigning for the Tamil Nadu Assembly elections, TVK chief Vijay issued an emotional letter to voters, calling for a “Whistle Revolution.” Positioning himself against both the DMK and the BJP, Vijay emphasized his commitment to social justice and welfare. Contesting from Perambur and Trichy East, he has promised ₹2,500 monthly assistance for women and extensive health insurance. As Tamil Nadu prepares to vote on April 23, Vijay’s entry has turned the election into a high-stakes five-cornered contest.

