ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ പരിഗണിക്കവെ, വിശ്വാസവും യുക്തിയും തമ്മിലുള്ള വേർതിരിവ് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. ഒരു യഥാർത്ഥ വിശ്വാസി മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്നും, അതേസമയം അവിശ്വാസികൾ ആചാരങ്ങളിൽ ഇടപെടേണ്ടതില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന നിരീക്ഷിച്ചു.(A believer does not question, Supreme Court’s important observation in the Sabarimala case)
ഒരു വിശ്വാസി യുക്തിയെ ചോദ്യം ചെയ്യില്ല. അവിശ്വാസിയാകട്ടെ അവിശ്വാസിയായി തുടരുന്നതിനാൽ ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട കാര്യമില്ല, ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. തന്ത്രിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി.വി. ഗിരി ശക്തമായ വാദങ്ങളാണ് നിരത്തിയത്. ശബരിമലയിലെ പ്രതിഷ്ഠ ‘നൈഷ്ഠിക ബ്രഹ്മചാരി’ സങ്കൽപ്പത്തിലുള്ളതാണ്. ആരാധന നിയമങ്ങളിൽ ലംഘനമുണ്ടായാൽ വിഗ്രഹത്തിന്റെ പവിത്രത നഷ്ടമാകും. കേരളത്തിലെ സ്ത്രീകൾ ഈ ആചാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പൂർണ്ണഹൃദയത്തോടെ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു.
ചില ആചാരങ്ങൾ അന്ധവിശ്വാസമാണോ എന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു. മനുഷ്യബലി പോലുള്ള ക്രൂരതകൾ നടന്നാൽ മറ്റ് പരിശോധനകൾ കൂടാതെ തന്നെ കോടതിക്ക് ഇടപെടാം. വിശ്വാസവും ഭരണഘടനാപരമായ തുല്യാവകാശവും തമ്മിലുള്ള സങ്കീർണ്ണമായ ഈ നിയമപോരാട്ടത്തിൽ സുപ്രീം കോടതിയുടെ അന്തിമ നിലപാട് നിർണ്ണായകമാകും.

