തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ പ്രവർത്തനം അവതാളത്തിലായെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മേയർ വി.വി. രാജേഷ്. നഗരത്തിലെ മാലിന്യസംസ്കരണം അവതാളത്തിലാക്കിയത് ശിവൻകുട്ടിയുടെ നേതൃത്വമാണെന്നും തിരഞ്ഞെടുപ്പ് തോൽവി സമ്മതിക്കാൻ കഴിയാത്തതിനാലാണ് മന്ത്രി നഗരസഭയെ ലക്ഷ്യം വയ്ക്കുന്നതെന്നും മേയർ തിരിച്ചടിച്ചു.(V Sivankutty’s excitement will subside by the fourth day, says Mayor VV Rajesh)
നഗരസഭയുടെ ഭരണം പാടെ പരാജയപ്പെട്ടുവെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചിരുന്നു. മാലിന്യസംസ്കരണം പാളിയതോടെ നഗരം പകർച്ചവ്യാധി ഭീതിയിലാണ്. തെരുവുവിളക്കുകൾ കത്തുന്നില്ലെന്നും തെരുവുനായ ശല്യം രൂക്ഷമായെന്നും മന്ത്രി കുറ്റപ്പെടുത്തി. ജനജീവിതം ദുസ്സഹമാക്കരുതെന്നും ഉടൻ സർവ്വകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിയുടെ ആവേശം വോട്ടെണ്ണൽ ദിനമായ ജൂൺ നാലോടെ അവസാനിക്കുമെന്ന് മേയർ വി.വി. രാജേഷ് പരിഹസിച്ചു. മാലിന്യസംസ്കരണത്തിന്റെ പേരിൽ കേരളത്തെ മുഴുവൻ ഭയപ്പാടിലാക്കിയത് സി.പി.എം ആണ്. വിളപ്പിൽശാല എന്ന പേര് കേൾക്കുമ്പോൾ തന്നെ ജനങ്ങൾക്ക് ഭയമാണെന്നും അദ്ദേഹം പറഞ്ഞു. മഴക്കാലപൂർവ്വ ശുചീകരണത്തിനായി തിരഞ്ഞെടുപ്പ് ചട്ടം വരുന്നതിന് മുൻപ് തന്നെ വാർഡുകൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. റിട്ടയേർഡ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ഇന്ന് വൈകുന്നേരം മുതൽ ശുചീകരണം ആരംഭിക്കും.
നഗരത്തിലെ 38 വാർഡുകളിലാണ് വെള്ളക്കെട്ട് ഭീഷണിയുള്ളത്. ഈ മേഖലകൾ സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മറ്റ് വകുപ്പുകൾ അവരുടെ അധീനതയിലുള്ള മേഖലകൾ വൃത്തിയാക്കാൻ തയ്യാറാകണമെന്ന് മേയർ നിർദ്ദേശിച്ചു. റെയിൽവേയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ ചർച്ച ചെയ്യാൻ യോഗം വിളിക്കും. ആമയിഴഞ്ചൻ തോട് വൃത്തിയാക്കുന്നതിൽ തദ്ദേശ വകുപ്പിന്റെ റോബോട്ടിന് പരിമിതികളുണ്ടെന്നും അതിനാൽ കൂടുതൽ യന്ത്രസാമഗ്രികൾ എത്തിക്കാൻ വകുപ്പുകളുമായി സംസാരിക്കുമെന്നും മേയർ വ്യക്തമാക്കി.

