കൊച്ചി: കുട്ടംപുഴ വെള്ളാരംകുത്ത് മേഖലയിൽ ചക്കയ്ക്കുള്ളിൽ സ്ഫോടകവസ്തു ഒളിപ്പിച്ചുവെച്ച് കാട്ടുകൊമ്പനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഉന്നതി സ്വദേശി പൊട്ടനാനിക്കൽ വീട്ടിൽ ശശീന്ദ്രനെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.(Suspect arrested for killing wild elephant by stuffing explosives into jackfruit)
ചക്കയ്ക്കുള്ളിൽ സ്ഫോടകവസ്തുക്കൾ നിറച്ച് ഭക്ഷണമായി നൽകുന്ന രീതിയാണ് പ്രതി അവലംബിച്ചതെന്ന് വനംവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പ്രതി വെച്ച ചക്ക കാട്ടാന കടിച്ചതോടെ ഉള്ളിലിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തിൽ ആനയുടെ വായ്ക്കും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റു. ദിവസങ്ങളോളം ഭക്ഷണം കഴിക്കാനാകാതെ അവശനായ കൊമ്പൻ ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

