കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണത്തിൽ അറസ്റ്റിലായ ലോൺ ആപ്പ് സംഘത്തെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പിടിയിലായ മൂന്ന് പ്രതികൾക്കായി അന്വേഷണ സംഘം ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.(Nitin Raj’s death, Police to take loan app gang into custody)
വിശദമായ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. ലോൺ ആപ്പ് മാഫിയയുടെ പ്രവർത്തന രീതികളും ഇവർക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന കാര്യവും ചോദ്യം ചെയ്യലിലൂടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. നിതിന്റെ മരണം ലോൺ ആപ്പ് ഭീഷണി മൂലമാണെന്ന നിലപാടിൽ കോളേജ് അധികൃതർ ഉറച്ചുനിൽക്കുകയാണ്.
ലോൺ ആപ്പ് ഭീഷണി നിലനിൽക്കുമ്പോൾ തന്നെ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റമാണ് മരണത്തിന് കാരണമായതെന്ന് നിതിന്റെ കുടുംബം ആരോപിക്കുന്നു. മരണത്തിന് മുൻപ് പ്രിൻസിപ്പലിന്റെ ചേമ്പറിൽ വെച്ച് നിതിൻ കൂട്ടവിചാരണയ്ക്ക് വിധേയനായെന്നും കുടുംബം പറഞ്ഞു. കേസിൽ പ്രതികളായ ഡോക്ടർ എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവരെ ഇതുവരെ പിടികൂടിയിട്ടില്ല.

