തിരുവനന്തപുരം: വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ദുരന്തബാധിതർക്ക് വാസയോഗ്യമല്ലാത്ത വീടുകൾ നൽകില്ലെന്നും ഗുണനിലവാരം 100 ശതമാനം ഉറപ്പാക്കിയ ശേഷം മാത്രമേ കൈമാറ്റം നടക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.(Where is the money collected by Congress, asks Minister V Sivankutty)
വയനാട് വിഷയത്തിൽ കോൺഗ്രസ് നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് മന്ത്രി ആരോപിച്ചു. സ്വന്തമായി വീട് വെച്ചുനൽകാതെ വിള്ളൽ തിരഞ്ഞു നടക്കാൻ കോൺഗ്രസിന് നാണമില്ലേ എന്ന് അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധി കല്ലിട്ട വീടുകൾ എവിടെപ്പോയി എന്നും, ജനങ്ങളിൽ നിന്ന് പിരിച്ച പണത്തിന്റെ കണക്ക് പറയാൻ കോൺഗ്രസ് തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അഞ്ചുവർഷത്തേക്ക് വീടുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ടത് ഊരാളുങ്കൽ സൊസൈറ്റിയാണെന്നും ഇതിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളെ പരിഹസിക്കാനും മന്ത്രി മറന്നില്ല. തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ പാർട്ടിയിൽ കൂട്ടത്തല്ല് തുടങ്ങിയിരിക്കുകയാണ്. ഇതിനെ ‘അത്ഭുതകരമായ കാര്യങ്ങൾ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, വരാനിരിക്കുന്നത് മാരത്തോൺ അടിയാണെന്നും എല്ലാവരും കൂടി ഡൽഹിയിലേക്ക് വണ്ടി കയറുന്ന കാഴ്ചയാണ് കാണുന്നതെന്നും പരിഹസിച്ചു.

