കരളിനെ ബാധിക്കുന്ന ലക്ഷണങ്ങളില്ലാത്തതും എന്നാൽ മാരകവുമായ ഒരു അവസ്ഥയായി ഫാറ്റി ലിവർ ഇന്ന് മാറിക്കഴിഞ്ഞു (Fatty Liver Disease). കരളിൽ അഞ്ച് ശതമാനത്തിലധികം കൊഴുപ്പ് അടിയുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ എന്ന് വിളിക്കുന്നത്. ഇന്ത്യാക്കാരിൽ മൂന്നിൽ ഒരാൾക്ക് ഇന്ന് ഫാറ്റി ലിവർ ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. കരളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ജീവനു തന്നെ ഭീഷണിയാണ്. മാറിയ ജീവിതചര്യകളും ഭക്ഷണരീതികളും ഉപാപചയ തകരാറുകളും ഫാറ്റി ലിവർ രോഗം വർധിക്കാൻ ഇടയാക്കുന്നു.
മാറുന്ന രോഗാവസ്ഥയും ആധുനിക ജീവിതശൈലിയും
ഏകദേശം രണ്ട് പതിറ്റാണ്ട് മുൻപ് വരെ ഫാറ്റി ലിവർ പ്രധാനമായും മദ്യപാനികളിലാണ് കണ്ടുവന്നിരുന്നത് (ആൽക്കഹോളിക് ഫാറ്റി ലിവർ). എന്നാൽ ഇന്ന് മദ്യപിക്കാത്തവരിലും ഈ രോഗം വ്യാപകമാണ്. ഇതിനെ മെറ്റബോളിക് ഡിസ്‌ഫങ്ഷൻ അസോസിയേറ്റഡ് സ്റ്റീറ്റോറ്റിക് ലിവർ ഡിസീസ് എന്ന് വിളിക്കുന്നു.
ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ ഇവയാണ്:
* ഭക്ഷണരീതിയിലെ മാറ്റങ്ങൾ: വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന് പകരം ഹോട്ടൽ ഭക്ഷണവും ജങ്ക് ഫുഡും ദിനചര്യയുടെ ഭാഗമായി മാറിയത് കലോറി അമിതമാകാൻ കാരണമാകുന്നു. കൊഴുപ്പും മധുരവും ഉപ്പും കൂടിയ ഭക്ഷണങ്ങൾ കരളിൽ കൊഴുപ്പടിഞ്ഞു കൂടാൻ ഇടയാക്കുന്നു.
* വ്യായാമമില്ലായ്മ: യാത്രാസൗകര്യങ്ങൾ വർദ്ധിച്ചതും ജോലിയുടെ ഭാഗമായി ദീർഘനേരം ഇരിക്കുന്നതും ശാരീരിക അധ്വാനം കുറയാൻ കാരണമായി. ഭക്ഷണത്തിലൂടെ ലഭിക്കുന്ന അധിക ഊർജ്ജം എരിച്ചു കളയാത്തതിനാൽ അത് കൊഴുപ്പായി കരൾ ഉൾപ്പെടെയുള്ള അവയവങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു.
* ഡിജിറ്റൽ യുഗവും കുട്ടികളും: കളിക്കളങ്ങളിൽ നിന്നും കുട്ടികളെ മൊബൈൽ ഫോണുകളും ടിവിയും അകറ്റിയിരിക്കുന്നു. ഇത് ചെറിയ പ്രായത്തിൽ തന്നെ അമിതവണ്ണത്തിലേക്കും ഫാറ്റി ലിവറിലേക്കും നയിക്കുന്നു.
* മാനസിക സമ്മർദ്ദം: പിരിമുറുക്കവും ഹോർമോൺ വ്യതിയാനങ്ങളും ആന്തരികാവയവങ്ങളിൽ കൊഴുപ്പടിയാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
സ്ത്രീകളിലെ പ്രത്യേക സാഹചര്യം
വ്യായാമമില്ലായ്മയും അനാരോഗ്യകരമായ ഭക്ഷണശീലവും സ്ത്രീകളിലും ഫാറ്റി ലിവർ വർദ്ധിപ്പിക്കുന്നു. അടുക്കള ജോലികൾ വ്യായാമമായി കണക്കാക്കാൻ കഴിയില്ല; ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന രീതിയിലുള്ള അധ്വാനമാണ് കരളിന്റെ ആരോഗ്യത്തിന് ആവശ്യം. കൂടാതെ, ഹോർമോൺ തകരാറുകൾ, പിസിഒഡി എന്നിവയുള്ളവരിലും ഫാറ്റി ലിവർ സാധ്യത കൂടുതലാണ്.
പരിശോധനകളും സങ്കീർണ്ണതകളും
ഫാറ്റി ലിവർ തുടക്കത്തിൽ ലക്ഷണങ്ങൾ കാണിക്കാറില്ല. എന്നാൽ ഇത് ക്രമേണ കരളിൽ വീക്കമുണ്ടാക്കുകയും പിന്നീട് സിറോസിസ് എന്ന മാരകാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യാം. ഹൃദയാഘാതം, വിവിധതരം അർബുദങ്ങൾ എന്നിവയ്ക്കും ഫാറ്റി ലിവർ കാരണമാകാം. എൽഎഫ്‌ടി എന്ന രക്തപരിശോധനയിലൂടെ കരളിന്റെ പ്രവർത്തനം മനസ്സിലാക്കാം. അൾട്രാ സൗണ്ട് സ്കാൻ, ഫൈബ്രോ സ്കാൻ എന്നിവ രോഗത്തിന്റെ തീവ്രത അറിയാൻ സഹായിക്കും.
പരിഹാരമാർഗ്ഗങ്ങൾ: ജീവിതശൈലിയിലെ മാറ്റം
ഫാറ്റി ലിവർ പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയുന്ന ഒരു അവസ്ഥയാണ്.
1. വ്യായാമം: ദിവസവും 30-40 മിനിറ്റ് വേഗത്തിൽ നടക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
2. ഭക്ഷണ നിയന്ത്രണം: നാരുകൾ അടങ്ങിയ പച്ചക്കറികൾ, പഴങ്ങൾ, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. എണ്ണയിൽ വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ചുവന്ന മാംസത്തിന് പകരം ലീൻ മീറ്റ് (ചിക്കൻ, മത്സ്യം) ഉപയോഗിക്കാം.
3. ഭാരം കുറയ്ക്കുക: ആഴ്ചയിൽ ഒരു കിലോ എന്ന തോതിൽ ക്രമമായി ശരീരഭാരം കുറയ്ക്കുന്നത് ഉചിതമാണ്. പെട്ടെന്ന് ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നത് കരളിന് ദോഷം ചെയ്യും.
4. ലഹരി വർജ്ജനം: മദ്യപാനം പൂർണ്ണമായും ഉപേക്ഷിക്കുക.
നമ്മുടെ ആരോഗ്യത്തിന്റെ യഥാർത്ഥ കാവൽക്കാരനായ കരളിനെ സംരക്ഷിക്കുക എന്നത് ഒരു ഏകദിന ദൗത്യമല്ല. ഈ വർഷത്തെ ലോക കരൾ ദിന സന്ദേശമായ സ്ഥിരമായ ശീലങ്ങൾ, കരുത്തുറ്റ കരൾ’ അർത്ഥമാക്കുന്നത് നാം നിത്യജീവിതത്തിൽ കൊണ്ടുവരുന്ന ചെറിയ മാറ്റങ്ങൾ പോലും ദീർഘകാലാടിസ്ഥാനത്തിൽ കരളിന് വലിയ കരുത്ത് നൽകുമെന്നാണ്. ഫാറ്റി ലിവർ എന്ന നിശബ്ദ കൊലയാളിയെ പടിവാതിലിന് പുറത്തുനിർത്താൻ വ്യായാമം ശീലമാക്കുക, ഭക്ഷണക്രമത്തിലെ ചിട്ടകൾ, ആരോഗ്യകരമായ ജീവിതശൈലി, കൃത്യമായ പരിശോധനകൾ പോലുള്ള ശീലങ്ങൾ നമുക്ക് ജീവിതചര്യയുടെ ഭാഗമാക്കാം. അമിതവണ്ണമുള്ളവരും പ്രമേഹരോഗികളും കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധനകൾ നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
നാം ഇന്ന് മാറ്റിവെക്കുന്ന 30 മിനിറ്റും, ഭക്ഷണത്തിൽ വരുത്തുന്ന ചെറിയ നിയന്ത്രണങ്ങളും നാളത്തെ വലിയൊരു ആരോഗ്യപ്രശ്നത്തിൽ നിന്നുള്ള ഇൻഷുറൻസാണ്. ‘സ്ഥിരമായ ശീലങ്ങളിലൂടെ’ നമുക്ക് നമ്മുടെ കരളിനെ കരുത്തുറ്റതാക്കാം; ആരോഗ്യപൂർണ്ണമായ ഒരു ഭാവി കെട്ടിപ്പടുക്കാം.
Story Summary: Fatty liver has become a silent epidemic affecting one in three Indians due to poor lifestyle and diet. This article highlights the causes, risks like cirrhosis, and provides actionable steps—such as daily exercise and dietary changes—to reverse the condition and ensure long-term liver health.
തയ്യാറാക്കിയത് : ഡോ. സുധീർ മുഹമ്മദ് എം . സീനിയർ കൺസൾട്ടന്റ്, എച്ച്പിബി ആൻഡ് ലിവർ ട്രാൻസ്‌പ്ലാന്റ് സർജറി , ആസ്റ്റർ മെഡ്സിറ്റി കൊച്ചി

