ന്യൂഡൽഹി: വനിതാ സംവരണം, മണ്ഡല പുനർനിർണയം എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലുകൾ ലോക്‌സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ കടുത്ത രാഷ്ട്രീയ നീക്കവുമായി ബിജെപി. പ്രതിപക്ഷത്തിന്റെ “സ്ത്രീവിരുദ്ധ മനോഭാവം” ജനങ്ങൾക്കിടയിൽ തുറന്നുകാട്ടാൻ എൻഡിഎ തെരുവിലിറങ്ങുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ അറിയിച്ചു.(BJP to take to streets over defeat of women’s quota Bill in Lok Sabha)
ബില്ലുകൾ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ ജെ.പി. നദ്ദയുടെ നേതൃത്വത്തിൽ എൻഡിഎ നേതാക്കളുടെ അടിയന്തര യോഗം ചേർന്നു. ഈ വിഷയം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ ആയുധമാക്കുന്നതിനുമുള്ള കർമ്മപദ്ധതി യോഗം തയ്യാറാക്കി. ലോക്‌സഭയിലെ വോട്ടെടുപ്പിന് ശേഷം നിതിൻ നബിൻ മാധ്യമങ്ങളോട് സംസാരിച്ചു.
പ്രധാനമന്ത്രിയുടെ ആത്മാർത്ഥമായ ശ്രമം വിജയിച്ചിരുന്നെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിലെ സുവർണ്ണ ദിനമായി ഇത് മാറുമായിരുന്നു. രാഹുൽ ഗാന്ധിയും സംഘവും രാജ്യത്തെ പകുതിയോളം വരുന്ന സ്ത്രീജനസംഖ്യയെ വഞ്ചിച്ചിരിക്കുകയാണ്. കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മുഖം ഇതോടെ വ്യക്തമായി. സ്ത്രീകളുടെ അവകാശങ്ങളാണ് സഭയിൽ ലംഘിക്കപ്പെട്ടത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.
ബില്ലുകൾ പരാജയപ്പെട്ടതിന് പിന്നാലെ എൻഡിഎയിലെ വനിതാ എംപിമാർ പാർലമെന്റിന് പുറത്ത് പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചു. പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ച അവർ, സ്ത്രീകളുടെ അവകാശങ്ങൾ തട്ടിയെടുത്തവർക്ക് മറുപടി നൽകുമെന്ന് പ്രഖ്യാപിച്ചു. 2023-ലെ വനിതാ സംവരണ നിയമത്തിൽ ഭേദഗതി വരുത്തി, അടുത്ത സെൻസസ് വരെ കാത്തുനിൽക്കാതെ 2011-ലെ സെൻസസ് അടിസ്ഥാനമാക്കി 33% സംവരണം നടപ്പിലാക്കുക എന്നതായിരുന്നു 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന്റെ ലക്ഷ്യം. എന്നാൽ മണ്ഡല പുനർനിർണയം കൂടി ഇതിനൊപ്പം വരുന്നതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിർക്കുകയായിരുന്നു.
നിർണ്ണായക ബില്ലുകൾ പരാജയപ്പെട്ട സാഹചര്യത്തിൽ പ്രതിപക്ഷത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി ഒരുങ്ങുന്നു. ബില്ലിനെ എതിർത്ത പ്രതിപക്ഷത്തിന്റെ നടപടിക്കെതിരെ സ്ത്രീകളെ അണിനിരത്തി വൻ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ബില്ലിനെ എതിർത്ത പ്രതിപക്ഷ നിലപാടിനെതിരെ എൻഡിഎ എംപിമാർ ഇന്ന് പാർലമെന്റ് വളപ്പിൽ പ്രതിഷേധം സംഘടിപ്പിക്കും. വനിതാ സംവരണ ബിൽ പാസാക്കിയെടുക്കാൻ ഇനിയും ശ്രമങ്ങൾ തുടരുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെടുപ്പിൽ എൻഡിഎയ്ക്ക് പുറത്ത് വൈഎസ്ആർ കോൺഗ്രസിൻ്റെ പിന്തുണ മാത്രമാണ് സർക്കാരിന് ലഭിച്ചത്. മറ്റ് പ്രധാന പ്രാദേശിക കക്ഷികളെല്ലാം പ്രതിപക്ഷത്തിനൊപ്പം നിലയുറപ്പിച്ചു.
പ്രതിപക്ഷത്തിന്റെ ഐക്യം വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ തുടക്കമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയമായ നീക്കങ്ങളെ ഇത്തരത്തിൽ ഒറ്റക്കെട്ടായി തന്നെ പ്രതിരോധിക്കുമെന്ന സൂചനയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിര നൽകുന്നത്. വനിതാ സംവരണ ബില്ലും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത മൂന്ന് ദിവസത്തെ പ്രത്യേക സിറ്റിംഗ് ഉൾപ്പെടെയുള്ള സമ്മേളനം ഇന്ന് അവസാനിക്കും.
ലോക്‌സഭയിൽ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടതിനാൽ, അത് രാജ്യസഭയിൽ പരിഗണിക്കേണ്ട സാഹചര്യമുണ്ടായില്ല. രാവിലെ 11 മണിക്ക് ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിയും. സഭകൾ പിരിഞ്ഞാലുടൻ പാർലമെന്റ് മന്ദിരത്തിൽ കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. ബിൽ പരാജയപ്പെട്ട സാഹചര്യത്തിൽ സർക്കാരിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നതിൽ ഈ യോഗം നിർണ്ണായകമാകും.

