മലപ്പുറം: വാൽപ്പാറയിലുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ ഒൻപത് ജീവനുകൾ പൊലിഞ്ഞപ്പോൾ, മരണത്തെ മുഖാമുഖം കണ്ട് അത്ഭുതകരമായി രക്ഷപ്പെട്ട പതിനൊന്നു വയസുകാരി മസ്‌നീൻ നോവായി മാറുന്നു. അപകടത്തിൽ മരിച്ച ഷക്കീനയുടെ മകളാണ് മസ്‌നീൻ. പരിക്കേറ്റ കുട്ടിയെ പൊള്ളാച്ചിയിൽ നിന്നും മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.( 11-year-old girl becomes a tearful memory in Valparai tragedy, unaware of her mother’s demise )
അഗാധമായ കൊക്കയിലേക്ക് വാഹനം മറിഞ്ഞപ്പോൾ തകർന്ന വാനിനുള്ളിൽ മസ്‌നീൻ കുടുങ്ങിക്കിടക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ എത്തിയ ടാക്സി ഡ്രൈവറാണ് കുട്ടിയെ വാഹനത്തിനുള്ളിൽ നിന്ന് പുറത്തെടുത്തത്. മസ്‌നീനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ദുരന്തത്തിൽ മസ്‌നീന് തന്റെ ഉമ്മയെ നഷ്ടമായ വിവരം കുട്ടി ഇതുവരെ അറിഞ്ഞിട്ടില്ല. പരിക്കേറ്റ കുട്ടിയെ കാണാൻ മന്ത്രി കെ. കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം പൊള്ളാച്ചി ആശുപത്രിയിൽ എത്തിയിരുന്നു. മലപ്പുറം ഡി.എം.ഒയുടെ പ്രത്യേക നിർദേശപ്രകാരമാണ് തുടർചികിത്സയ്ക്കായി കുട്ടിയെ പെരിന്തൽമണ്ണയിലേക്ക് മാറ്റിയത്.

