സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ അയൽവാസികളായ കുടുംബത്തെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 53-കാരിയായ ഉഷാബെൻ നക്രാനിയെ പോലീസ് അറസ്റ്റ് ചെയ്തു (Gujarat Prasad Poisoning Case). മകളുടെ ഒളിച്ചോട്ടത്തിന് സഹായിച്ചെന്ന സംശയത്തെത്തുടർന്ന് അയൽക്കാരായ ദോണ്ട കുടുംബത്തോടുള്ള പകവീട്ടാനാണ് ഇവർ ക്രൂരകൃത്യം ആസൂത്രണം ചെയ്തത്.
ഏപ്രിൽ 10-ന് അയൽവാസിയായ ഗോവർധൻഭായ് ദോണ്ടയുടെ വീട്ടുവാതിൽക്കൽ ഉഷാബെൻ ഒരു ബാഗ് ലഡു തൂക്കിയിട്ടു. ഇത് ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദമാണെന്ന് കരുതി ഗോവർധൻഭായിയും മരുമകൾ കിരണും കഴിച്ചു. ലഡു കഴിച്ച ഉടൻ തന്നെ ഇരുവരും കുഴഞ്ഞുവീഴുകയും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തു. ഗോവർധൻഭായിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ബാക്കിയുണ്ടായിരുന്ന ലഡു പരിശോധിച്ച കുടുംബത്തിലെ മറ്റൊരു മകൾ ഇഷയാണ് അതിനുള്ളിൽ ഉറക്കഗുളികകൾ ഒളിപ്പിച്ചുവെച്ചത് കണ്ടെത്തിയത്. ഓരോ ലഡുവിനുള്ളിലും മൂന്നോ നാലോ ഗുളികകൾ വീതം ഒളിപ്പിച്ചിരുന്നു.
എട്ടുമാസം മുൻപാണ് ഉഷാബെന്നിന്റെ മകൾ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചത്. ഇതിന് സഹായിച്ചത് അയൽവാസിയായ കിരണാണെന്ന് ഇവർ ഉറച്ചു വിശ്വസിച്ചിരുന്നു. ഈ വൈരാഗ്യമാണ് ലഡുവിൽ അമിത അളവിൽ ഉറക്കഗുളികകൾ ചേർത്ത് നൽകാൻ പ്രേരിപ്പിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 123 പ്രകാരം പോലീസ് കേസെടുത്തു. തങ്ങളുടെ ജീവന് ഭീഷണിയുള്ളതിനാൽ പ്രതിയെ അവിടെനിന്ന് മാറ്റണമെന്ന് ദോണ്ട കുടുംബം അധികൃതരോട് ആവശ്യപ്പെട്ടു.
Summary: Surat Police have arrested Ushaben Mahendrabhai Nakrani for attempting to poison her neighbors, the Donda family, in a revenge plot. Ushaben allegedly laced boondi laddoos with high doses of sleeping pills and left them at the Dondas’ door as ‘prasad’. After consuming the sweets, Goverdhanbhai and his daughter-in-law Kiran collapsed, with the former needing ventilator support. The plot was uncovered when the family found medicinal tablets hidden inside the remaining sweets. Ushaben confessed she held a grudge, suspecting the neighbors helped her daughter elope for a love marriage eight months ago.

