കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രി പദവിയെ ചൊല്ലി പാർട്ടിയിൽ ചർച്ചകൾ നടക്കുന്നത് സ്വാഭാവികമാണെന്ന് കെ. സുധാകരൻ. ഇത്തരം ചർച്ചകൾ രാഷ്ട്രീയത്തിൽ പതിവാണെന്നും അത് കോൺഗ്രസിന്റെ പ്രവർത്തന രീതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.(There is nothing wrong with the discussion, K Sudhakaran on CM dispute in Congress)
മുഖ്യമന്ത്രി ചർച്ചകൾ പാർട്ടിയെ തളർത്തുമെന്ന വാദങ്ങളെ സുധാകരൻ തള്ളി. ചർച്ചകൾ നടക്കുന്നത് നല്ലതാണ്, എങ്കിൽ മാത്രമേ ഒരു തീരുമാനത്തിൽ എത്താൻ സാധിക്കൂ. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്.
കേരളത്തിൽ ഇതിന് മുൻപും തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് ഇത്തരം ചർച്ചകൾ നടന്നിട്ടുണ്ട്. വ്യക്തികളല്ല, പാർട്ടിയാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ജനാധിപത്യ സംവിധാനത്തിൽ എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എം.കെ. രാഘവൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. എല്ലാവർക്കും അഭിപ്രായം പറയാമെങ്കിലും അത് സ്വീകരിക്കണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കും.
എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ രാഘവൻ പറഞ്ഞത് ശരിയാണ്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ കാര്യത്തിൽ ഹൈക്കമാൻഡിന് മേൽ യാതൊരുവിധ സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

