ലഖ്‌നൗ: തൊഴിലാളികളുടെ അവകാശങ്ങൾ, അന്തസ്സ്, സാമൂഹിക സുരക്ഷ എന്നിവയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി ( Yogi Adityanath Labor Protest). സംസ്ഥാനത്തെ വ്യവസായ സാഹചര്യം വിലയിരുത്തുന്നതിനായി വീഡിയോ കോൺഫറൻസിംഗ് വഴി നടത്തിയ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
എല്ലാ തൊഴിലാളികൾക്കും മാന്യമായ തൊഴിൽ സാഹചര്യങ്ങളും കൃത്യസമയത്ത് പൂർണ്ണമായ വേതനവും നിയമപരമായ എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി. ഗൗതം ബുദ്ധ നഗറിലെ തൊഴിലാളി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട്, വ്യവസായ മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന പുറത്തുനിന്നുള്ള ശക്തികളെ കണ്ടെത്താനും അവർക്കെതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു. ആവശ്യമെങ്കിൽ ഇത്തരം സാമൂഹിക വിരുദ്ധരുടെ ചിത്രങ്ങൾ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കാനും അനുമതിയുണ്ട്.
സംസ്ഥാനത്തെ വ്യവസായ യൂണിറ്റുകളിൽ തൊഴിലാളികളുടെ എണ്ണം, വേതന വിതരണം, ഇ.എസ്.ഐ (ESI), ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളുടെ ലഭ്യത എന്നിവ ഉറപ്പുവരുത്താൻ സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. വ്യവസായ മേഖലകളിൽ തൊഴിലാളികൾക്കായി ഡോർമിറ്ററികളും മിതമായ നിരക്കിൽ വീടുകളും നിർമ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ വികസന അതോറിറ്റികളോട് ആവശ്യപ്പെട്ടു. തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്ക് മുൻഗണന നൽകണം.
നോയിഡയിലെ ഫാക്ടറി ഹബുകളിൽ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ കർശന നിലപാട്. ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെ പുതുക്കിയ വേതനം എല്ലാ തൊഴിലാളികൾക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ‘സീറോ ടോളറൻസ്’ നയമായിരിക്കും സർക്കാർ സ്വീകരിക്കുകയെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Summary: Uttar Pradesh Chief Minister Yogi Adityanath emphasized that there will be no compromise on workers’ rights, dignity, and social security. Chairing a review meeting, he directed officials to ensure timely wage payments and statutory benefits for all workers. Following recent unrest in Noida, he ordered strict action against outsiders inciting violence and mandated an in-depth probe into labor compliance across industrial units. He also called for the construction of affordable housing for workers and stressed a zero-tolerance policy against misinformation and rumors on social media.

