തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധി വരും മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പോര് മുറുകുന്നു. തർക്കങ്ങൾക്കിടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഇന്ന് വൈകിട്ട് ഡൽഹിയിലേക്ക് തിരിക്കും. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.(Ramesh Chennithala to Delhi, Dispute simmers in Congress over CM post)
മുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള വിവാദങ്ങളോട് രമേശ് ചെന്നിത്തല നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. “സോഷ്യൽ മീഡിയ വഴിയല്ല കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്” എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോര് ഇപ്പോൾ അണികൾക്കിടയിലേക്കും പടർന്നിരിക്കുകയാണ്.
തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി ഒറ്റക്കെട്ടായി നീങ്ങേണ്ട സമയത്ത് ഉയർന്നുവന്ന ഈ വിഭാഗീയത നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ചെന്നിത്തലയുടെ ഡൽഹി സന്ദർശനം ഈ തർക്കങ്ങൾ പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

