ന്യൂഡൽഹി: 2026 ടി20 ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടങ്ങളിൽ കാഴ്ചവെച്ച അസാമാന്യ പ്രകടനത്തിലൂടെ ഇന്ത്യൻ താരം സഞ്ജു സാംസൺ മാർച്ചിലെ ഐസിസി പുരസ്കാരത്തിന് അർഹനായി. ബെഞ്ചിൽ ഇരുന്നുകൊണ്ട് ടൂർണമെന്റ് ആരംഭിച്ച സഞ്ജു, പിന്നീട് ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചാണ് ലോകകപ്പ് അവസാനിപ്പിച്ചത്.(Sanju Samson becomes ICC Player of the Month, Another historic achievement for the World Cup hero)
സഞ്ജുവിന്റെ ഈ നേട്ടത്തിന് പിന്നിൽ വലിയൊരു പോരാട്ടത്തിന്റെ കഥയുണ്ട്. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ പ്ലേയിംഗ് ഇലവനിൽ ഇല്ലാതിരുന്ന സഞ്ജുവിന്, ചെന്നൈയിൽ സിംബാബ്‌വെക്കെതിരായ സൂപ്പർ എയിറ്റ് മത്സരത്തിലാണ് അവസരം ലഭിച്ചത്. അവിടെ തുടങ്ങുകയായിരുന്നു സഞ്ജുവിന്റെ തേരോട്ടം. വെസ്റ്റ് ഇൻഡീസിനെതിരായ ജീവന്മരണ പോരാട്ടത്തിൽ പുറത്താകാതെ നേടിയ 97 റൺസ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
മുംബൈയിൽ നടന്ന സെമി-ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും അഹമ്മദാബാദിലെ ഫൈനലിൽ ന്യൂസിലൻഡിനെതിരെയും സഞ്ജു തുടർച്ചയായി 89 റൺസ് വീതം നേടി. നിർണ്ണായക മത്സരങ്ങളിലെ ഈ സ്ഥിരത സഞ്ജുവിനെ ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരത്തിനും അർഹനാക്കി.

