അങ്കാറ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. രക്തദാഹവും വിദ്വേഷവും കൊണ്ട് അന്ധനായെന്നും നെതന്യാഹു ആധുനിക കാലത്തെ ‘ഹിറ്റ്‌ലർ’ ആണെന്നും വിശേഷിപ്പിച്ച എർദോഗൻ, ഇസ്രായേലിനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന പരോക്ഷ ഭീഷണിയും മുഴക്കി.(Hitler of our time, Erdogan lashes out at Netanyahu; hints at military intervention)
ഗാസയിലും ലബനനിലും ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു എർദോഗന്റെ പ്രതികരണം. നെതന്യാഹുവിന്റെ പേര് ചരിത്രം രേഖപ്പെടുത്തുക ഹിറ്റ്‌ലർക്കും മുസ്സോളിനിക്കും സ്റ്റാലിനുമൊപ്പമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗാസയിൽ നടക്കുന്നത് പച്ചയായ വംശഹത്യയാണെന്നും ഇതിന് ലോകത്തിന് മുന്നിൽ നെതന്യാഹു മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ലിബിയയിലും നാഗോർണോ-കറാബാക്കിലും തുർക്കി നടത്തിയ സൈനിക ഇടപെടലുകൾ ചൂണ്ടിക്കാട്ടിയായിരുന്നു എർദോഗന്റെ മുന്നറിയിപ്പ്. ഇസ്രായേലിന് തന്നിഷ്ടം പോലെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെടുത്താൻ ഞങ്ങൾ അവിടെയും പ്രവേശിക്കും. ലിബിയയിലും നാഗോർണോ-കറാബാക്കിലും ഞങ്ങൾ എന്ത് ചെയ്തുവോ, അത് ഇസ്രായേലിന്റെ കാര്യത്തിലും ആവർത്തിക്കാൻ തുർക്കിക്ക് മടിയുണ്ടാകില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയ്ക്ക് പിന്നാലെ ലബനനിലേക്കും യുദ്ധം വ്യാപിപ്പിക്കാനുള്ള ഇസ്രായേലിന്റെ നീക്കം പശ്ചിമേഷ്യയെ വലിയ അപകടത്തിലേക്ക് നയിക്കും. ഇസ്രായേലിന്റെ ഇത്തരം കടന്നാക്രമണങ്ങളെ പാശ്ചാത്യ രാജ്യങ്ങൾ പിന്തുണയ്ക്കുന്നത് ലജ്ജാകരമാണെന്നും തുർക്കി പ്രസിഡന്റ് കുറ്റപ്പെടുത്തി. എർദോഗന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. എർദോഗൻ ഇറാഖ് മുൻ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്നും അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് അദ്ദേഹം ഓർക്കണമെന്നും ഇസ്രായേൽ തിരിച്ചടിച്ചു.

