Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala
HomeKeralaനിതിൻ രാജിൻ്റെ മരണത്തിൽ നെഞ്ച് പൊട്ടി കുടുംബം: ഉന്നത തല അന്വേഷണം...

നിതിൻ രാജിൻ്റെ മരണത്തിൽ നെഞ്ച് പൊട്ടി കുടുംബം: ഉന്നത തല അന്വേഷണം വേണമെന്ന് ആവശ്യം, DGPക്ക് പരാതി നൽകും, അധ്യാപകർക്കെതിരെ ഗുരുതര ആരോപണം | Nitin Raj

🎙️ Latest Podcast

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. നിതിന്റേത് ആത്മഹത്യയല്ലെന്നാരോപിച്ച് കുടുംബം ഡിജിപിക്ക് പരാതി നൽകും. അധ്യാപകരിൽ നിന്ന് നിതിൻ നേരിട്ട ക്രൂരമായ ജാതി അധിക്ഷേപങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.(Nitin Raj’s death creates shock, Family will file a complaint with DGP)

നിതിനെ ‘തെരുവ് പട്ടി’ എന്ന് വിളിച്ച് അധ്യാപകർ അധിക്ഷേപിച്ചിരുന്നതായി കുടുംബം ആരോപിച്ചു. എഴുത്തും വായനയും അറിയില്ലെന്നും ജാതിയുടെയും നിറത്തിന്റെയും പേരിൽ നിരന്തരം പരിഹസിച്ചിരുന്നതായും കുടുംബം പറയുന്നു. സ്റ്റാഫ് റൂമുകളിൽ വെച്ച് അധ്യാപകർ കൂട്ടമായി മാനസികമായി പീഡിപ്പിച്ചിരുന്നു. വീട്ടുകാരെയും സാമ്പത്തിക സ്ഥിതിയെയും കളിയാക്കി സംസാരിക്കുകയും സഹപാഠികൾക്കിടയിൽ വെച്ച് ‘വിഡ്ഢി’ എന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തിരുന്നതായി നിതിൻ സുഹൃത്തുക്കൾക്ക് അയച്ച ശബ്ദസന്ദേശത്തിൽ വ്യക്തമാക്കുന്നു.

ഇന്റേണൽ മാർക്ക് മനഃപൂർവ്വം കുറച്ചതായും അത് വീട്ടുകാർക്ക് ഒരു ‘സർപ്രൈസ്’ ആയിരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ശബ്ദസന്ദേശത്തിലുണ്ട്. സംഭവത്തിൽ ആരോപണവിധേയരായ അധ്യാപകരെ കോളേജ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയ നിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, നിതിൻ അയച്ച ശബ്ദസന്ദേശങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ചുവരികയാണ്.

നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് കുടുംബത്തിന്റെ ഉറച്ച നിലപാട്. നിതിൻ രാജിന്റെ സംസ്‌കാരം ഇന്ന് നടക്കും. മെഡിക്കൽ കോളേജുകളിലെ ജാതി അധിക്ഷേപങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.