ചെന്നൈ: തമിഴ് നടൻ വിജയ് നായകനായ ‘ജനനായകൻ’ എന്ന ചിത്രത്തിനെതിരെ നിയമനടപടിയുമായി ഇന്ത്യൻ നാഷണൽ ലീഗ് ( Vijay Jana Nayagan Controversy ). ചിത്രം മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് ടാഡ ജെ. അബ്ദുൾ റഹിം ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതി നൽകി. വിജയ്, സംവിധായകൻ എച്ച്. വിനോദ്, നിർമ്മാതാവ് എന്നിവരെ അറസ്റ്റ് ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം.
ചിത്രത്തിന്റെ ട്രെയിലറിൽ മുസ്ലിം വ്യക്തി പൊതുസ്ഥലത്ത് ബോംബ് വെക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മുൻപ് വിജയ് അഭിനയിച്ച ‘തുപ്പാക്കി’, ‘ബീസ്റ്റ്’ തുടങ്ങിയ ചിത്രങ്ങളിലും മുസ്ലിങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്നും, സെൻസർ ബോർഡ് അനുമതി നൽകാത്ത ചിത്രം മനഃപൂർവ്വം പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പ് തടയാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നതെന്നും ഐഎൻഎൽ ആരോപിച്ചു.
അതേസമയം, ‘ജനനായകൻ’ റിലീസിന് മുൻപേ ഇന്റർനെറ്റിൽ ചോർന്നത് തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ഹൈ-ക്വാളിറ്റി പ്രിന്റാണ് പൈറസി വെബ്‌സൈറ്റുകളിൽ പ്രചരിക്കുന്നത്. സെൻസർ ബോർഡിന്റെ ക്ലിയറൻസ് ലഭിക്കാത്തതിനാൽ കഴിഞ്ഞ മൂന്ന് മാസമായി ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ത്രില്ലറിൽ മമിത ബൈജു, പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Summary: The Indian National League (INL) has filed a police complaint against actor Vijay and the makers of his upcoming film Jana Nayagan. INL state president Tada J. Abdul Rahim alleged that the film spreads anti-Muslim sentiments and attempts to incite communal tension ahead of elections. The complaint cites a scene from the trailer involving a bomb plot and references similar portrayals in Vijay’s previous films like Thuppakki and Beast. Meanwhile, the film faces further crisis as its high-quality print reportedly leaked online despite pending censor clearance.

