തൃശൂർ: കൈവിരലിന് പരിക്കേറ്റ് ബാൻഡേജ് ഇട്ടതിന്റെ പേരിൽ വോട്ട് ചെയ്യാൻ എത്തിയ യുവതിയെ അഞ്ച് മണിക്കൂർ തടഞ്ഞുവെച്ചതായി പരാതി (Thrissur Election News 2026). തൃശൂർ കൂർക്കഞ്ചേരി ബോധാനന്ദ സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. വിരലിൽ 15 തുന്നലുകളുമായി വോട്ട് ചെയ്യാനെത്തിയ അക്ഷയ എന്ന യുവതിയാണ് ഉദ്യോഗസ്ഥരുടെ നിലപാട് കാരണം ദുരിതത്തിലായത്.
മിക്സിയിൽ കൈ കുടുങ്ങിയാണ് അക്ഷയയുടെ ഇടതുകൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റത്. 15 ഓളം സ്റ്റിച്ച് ഉള്ളതിനാൽ വിരലിൽ ബാൻഡേജ് ഇട്ടിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മയ്‌ക്കൊപ്പം വോട്ട് ചെയ്യാനെത്തിയ അക്ഷയയെ, മഷി പുരട്ടേണ്ട വിരലിൽ ബാൻഡേജ് ഉണ്ടെന്ന കാരണത്താൽ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. മെഡിക്കൽ രേഖകൾ ഹാജരാക്കിയിട്ടും വോട്ട് ചെയ്യാൻ അനുവദിച്ചില്ല.
അഞ്ച് മണിക്കൂറോളം കാത്തുനിന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ ഒരുമിച്ച് പ്രതിഷേധവുമായി രംഗത്തെത്തി. വോട്ടിംഗ് സമയം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് പ്രതിഷേധത്തിനൊടുവിൽ അക്ഷയയെ വോട്ട് ചെയ്യാൻ അനുവദിച്ചത്.
അക്ഷയ വോട്ട് ചെയ്യുന്നത് ബൂത്തിന് പുറത്തുനിന്ന് ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ പോലീസ് പിടിച്ചുതള്ളിയത് സ്ഥലത്ത് ഉന്തും തള്ളിനും കാരണമായി. മാധ്യമപ്രവർത്തകരോട് പോലീസ് മോശമായി പെരുമാറിയതിൽ വലിയ പ്രതിഷേധം ഉയർന്നു.
വോട്ടർമാരുടെ മൗലികാവകാശത്തെ തടയുകയും ഒരു പൗരനെ മണിക്കൂറുകളോളം മാനസികമായി പീഡിപ്പിക്കുകയും ചെയ്ത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐ നേതാവ് വി.എസ് സുനിൽകുമാർ ആവശ്യപ്പെട്ടു.
Story Summary:
In a dramatic incident at Bodhananda School, Koorkkencheri, Thrissur, a young woman named Akshaya was prevented from voting for five hours because her left index finger was bandaged following an injury. Despite providing medical documents for her 15 stitches, polling officials refused her entry until local LDF and UDF workers launched a combined protest minutes before the deadline. Tensions escalated further as police allegedly manhandled journalists covering the event. CPI leader V.S. Sunil Kumar demanded action against the responsible election officials.

