വായ് മധോപൂർ: രാജസ്ഥാനിലെ പ്രശസ്തമായ രൺതംബോർ നാഷണൽ പാർക്കിൽ കടുവയുടെ വഴി തടസ്സപ്പെടുത്തി സഫാരി ജീപ്പുകൾ കൂട്ടത്തോടെ എത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു (Ranthambore Tiger Safari Traffic Jam). മോണ്ടി ഭട്ട് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയിൽ, കടുവയ്ക്ക് നടക്കാൻ പോലും ഇടമില്ലാത്ത വിധം വാഹനങ്ങൾ വളയുന്നതും വിനോദസഞ്ചാരികൾ ചിത്രങ്ങൾ പകർത്താൻ മത്സരിക്കുന്നതും കാണാം.
കടുവ വാഹനങ്ങൾക്ക് തൊട്ടടുത്തെത്തിയിട്ടും വഴിമാറിക്കൊടുക്കാൻ ജീപ്പ് ഡ്രൈവർമാർ തയ്യാറായില്ലെന്ന് വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നു. അമിതമായി വാഹനങ്ങൾ വളയുന്നത് കടുവകളിൽ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നും ഇത് അവയെ പ്രകോപിതരാക്കാൻ കാരണമാകുമെന്നും വന്യജീവി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ കടുവയെ നോക്കി ബഹളം വെക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു. “മനുഷ്യരേക്കാൾ മാന്യനായാണ് കടുവ പെരുമാറുന്നത്” എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ, സ്വന്തം വീട്ടിൽ കടുവയ്ക്ക് ട്രാഫിക് ജാം നേരിടേണ്ടി വരുന്നത് നാണക്കേടാണെന്ന് മറ്റൊരാൾ കുറിച്ചു. സഫാരി പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ വനംവകുപ്പിന് വീഴ്ച പറ്റിയതായും വിമർശനമുയർന്നു. ഇത്തരം “സഫാരി ജാമുകൾ” വന്യമൃഗങ്ങളുടെ സ്വാഭാവിക ജീവിതത്തെയും പ്രത്യുൽപ്പാദനത്തെയും ദോഷകരമായി ബാധിക്കുമെന്ന് ചീഫ് കൺസർവേറ്റർ ഡോ. പി.എം. ധാക്കട്ടെ വ്യക്തമാക്കി.
View this post on Instagram

